ബപ്പന്‍കാട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവുന്നു

കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവുന്നു. റെയില്‍പ്പാത കടന്നുപോകുന്നതിനടിയില്‍ മണ്ണുതുരന്നെടുത്ത് അടിപ്പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ബ്‌ളോക്കുകള്‍ സ്ഥാപിച്ചു. റെയില്‍പ്പാതയ്ക്ക് ഇരുവശങ്ങളിലുമായി നിര്‍മിച്ച 10 കോണ്‍ക്രീറ്റ് ബോക്‌സുകളാണ് ക്രെയിനുപയോഗിച്ച് താഴ്ത്തിവെച്ചത്. ഇനി അടിപ്പാതയിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കണം.
ഇവിടെ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. അടിപ്പാതയുടെ രണ്ടുവശങ്ങളിലും കാല്‍നട യാത്രക്കാര്‍ക്കായി ഫുട്പാത്ത് ഉണ്ടാക്കും. അതിനിടയിലുള്ള സ്ഥലത്തുകൂടി ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടന്നുപോകാനുള്ള സൗകര്യമുണ്ടാകും. അടിപ്പാത വരുന്നതോടെ ബപ്പന്‍കാട്, കോതമംഗലം നിവാസികള്‍ക്ക് പുതിയൊരു യാത്രാമാര്‍ഗം തുറന്നുകിട്ടിയിരിക്കുകയാണ്. ഇവിടെ റെയില്‍പ്പാത മുറിച്ചുകടക്കുമ്പോള്‍ ധാരാളംപേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.

