KOYILANDY DIARY.COM

The Perfect News Portal

ബന്ധുനിയമത്തില്‍ മന്ത്രി കെടി ജലീലിന് മേല്‍ രാജി സമ്മര്‍ദം ശക്തമാകുന്നു

കോഴിക്കോട്: ബന്ധുനിയമത്തില്‍ മന്ത്രി കെടി ജലീലിന് മേല്‍ രാജി സമ്മര്‍ദം ശക്തമാകുന്നു. നിയമന യോഗ്യതകളില്‍ ഇളവുവരുത്തിയതും അന്തിമ തീരുമാനമെടുത്തതും സര്‍ക്കാറാണെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ വിശദീകരിച്ചതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന വ്യക്തമാകുന്നതായി യൂത്ത്‌ലീഗ് പറഞ്ഞു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് കെടി ആദിലിനെ കൊണ്ടുവരാന്‍ വിദ്യാഭ്യാസ യോഗ്യതകളില്‍ ഇളവുവരുത്തിയെന്ന യൂത്ത് ലീഗിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കോര്‍പ്പറേഷന്‍ അംഗങ്ങളുടെ വിശദീകരണം. അടിസ്ഥാന യോഗ്യതകളുടെ കൂട്ടത്തില്‍ ബന്ധുവിന് വേണ്ടി മന്ത്രി ബിടെക് കൂടി ചേര്‍ത്തുവെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ ഇളവുവരുത്താന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നില്ല. നിയമന ഉത്തരവില്‍ അന്തിമതീരുമാനമെടുത്തത് സര്‍ക്കാറാണെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു.

യോഗ്യതയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം നയപരമായിരുന്നോ എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചു. ഒരാളുടെ നിയമനവുമായി ബന്ധപ്പെട്ട് മാത്രം എങ്ങനെ ഇത് സാധ്യമാകുമെന്നും ഫിറോസ് ആരാഞ്ഞു. ബന്ധുനിയമനത്തില്‍ ആരോപണങ്ങളുന്നയിച്ച്‌ യൂത്ത് ലീഗ് എത്തിയതോടെ ആദ്യഘട്ടത്തില്‍ ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ധനകാര്യ കോര്‍പ്പറേഷന്‍ അംഗങ്ങളുടെ വിശദീകരണവും മന്ത്രിക്ക് തിരിച്ചടിയായത്.

Advertisements

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ സമരത്തിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങളെ കുറിച്ച്‌ ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് പരിശോധിക്കും. ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *