പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടു ; ജനം ദുരിതത്തിലായി

കൊയിലാണ്ടി:കൊയിലാണ്ടി ബസ്സ്റ്റാന്റിനു സമീപം റെയിൽവേ മേൽപാലത്തിനു താഴെ നഗരസഭ ശേഖരിച്ച് കൂട്ടിയിട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചത് പരിസരവാസികൾക്ക് ദുരിതമായി.തിങ്കളാഴ്ച രാത്രിയാണ് ഇവ കത്തിച്ചത്.മണിക്കൂറുകളോളം ഇവ കത്തി. കട്ടപ്പുക പരിസരമാകെ പടർന്നു . സമീപവാസികൾക്ക് ശ്വാസതടസം ഉൾപ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടു . കുട്ടി കൾക്കും ദുരിതമായി. പാലത്തിന് താഴെ മാലിന്യം കൂട്ടിയിട്ടതിന്റൈ വാർത്ത തിങ്കളാഴ്ച പത്രങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാത്രി കത്തിക്കൽ നടന്നത്. പ്രദേശത്തുകാർ നഗരസഭ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലിസിനെ ഫോൺ വഴി അറിയിച്ചപ്പോൾ തങ്ങൾക്കൊന്നുo ചെയ്യാൻ കഴിയില്ല എന്നാണത്രെ പറഞ്ഞത്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് മേധാവി ലോക്‌നാഥ് മെഹ്‌റ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
