പ്രമേഹരോഗ ബാധിതരായ വയോജനങ്ങള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രമേഹരോഗ ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതിവകുപ്പിന്റെ ‘വയോമധുരം’പദ്ധതി വരുന്നു. ഇതിലൂടെ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് സാമൂഹ്യനീതിവകുപ്പ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. ആദ്യഘട്ടത്തില്‍ ഒരുജില്ലയില്‍ 1000 പേര്‍ക്കുവീതം 14,000 വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കും. 56 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഉപയോഗിക്കാനുള്ള പരിശീലനവും വയോജനങ്ങള്‍ക്ക് നല്‍കും.
പതിനെട്ടിന് തിരുവനന്തപുരത്ത് വിജെടി ഹാളില്‍ വയോമധുരം ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ബ്രോഷപ്രകാശനവും നടക്കും. മന്ത്രി കെ കെ ശൈലജ പ്രകാശനം നിര്‍വഹിക്കും. വയോജനങ്ങള്‍ക്കുള്ള കൃത്രിമ ദന്തനിര ലഭ്യമാക്കുന്ന ‘മന്ദഹാസം’ ഉള്‍പ്പെടെ വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.

