KOYILANDY DIARY.COM

The Perfect News Portal

പ്രചാരണത്തിന് ഫ്ലക്സ് വേണ്ട ; ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ ഉപയോ​ഗിക്കാവൂ എന്ന് ഹൈക്കോടതി

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി ഫ്ലക്സ് ഉപയോ​ഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചാരണത്തിന് ഉപയോ​ഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഈ ഉത്തരവ് പ്രാബല്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം ഈ തെരഞ്ഞെടുപ്പ് എന്നും കോടതി നിര്‍ദേശിച്ചു.

പൊതുതെരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ധാരാളമായി ഉപയോ​ഗിക്കാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ അത് വിലക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്യാംകുമാര്‍ മസര്‍പ്പിച്ച സ്വകാര്യഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഫ്ലക്സുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരി​ഗണനയിലുണ്ട്. അതിലേക്ക് ഈ ഹര്‍ജിയും മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

Advertisements

പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് നിര്‍ദേശം നല്‍കിയതായി ഇലക്ഷന്‍ കമ്മീഷനും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി വിധികളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ഇലക്ഷന്‍ കമ്മീഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *