പോത്തുകല്ലില്‍ ആറംഗ മോഷണ സംഘം പിടിയില്‍

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലില്‍ ആറംഗ മോഷണ സംഘം പിടിയില്‍. മലഞ്ചരക്ക് സാധനങ്ങളായ റബ്ബര്‍ഷീറ്റ്, ഒട്ടുപാല്, അടക്ക തുടങ്ങിയവ മോഷ്ടിക്കുന്ന സംഘമാണ് ഇന്നലെ പിടിയിലായത്. എടവണ്ണ സ്വദേശിയായ വിഷ്ണുദേവന്, അകമ്ബാടം സ്വദേശി വിഷ്ണു എന്ന അപ്പു, പുള്ളിപ്പാടം സ്വദേശി ശങ്കര്‍, എരഞ്ഞിമങ്ങാട് സ്വദേശി സെബിന്, സിബി വര്‍ഗ്ഗീസ്, വിനൂപ് തമ്ബി, സിബി തുടങ്ങിയവരാണ് പോത്തുകല്ല് പൊലീസിന്റെ പിടിയിലായത്.
പോത്തുകല്ല്, നിലമ്പൂര്‍, പൂക്കോട്ടുംപാടം, എടവണ്ണ, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷനുകളിലായ പ്രതികള്‍ക്കെതിരെ 15ലധികം കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. റബ്ബര്‍ കൃഷി വ്യാപകമായ പ്രദേശങ്ങളില്‍ ആള്‍താമസമില്ലാത്ത വീടുകളിലെ പുകപ്പുരകള് പൊളിച്ച് റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിക്കലായിരുന്നു ഇവരുടെ രീതി.

വിവിധയിടങ്ങളില്‍ നിന്ന് അടയ്ക്കയും മോഷ്ടിച്ചിരുന്നു. കവരുന്ന സാധനങ്ങള്‍ കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്തെ മലഞ്ചരക്ക് വ്യാപാരികള്ക്കായിരുന്ന വില്പന നടത്തിയിരുന്നത്. തോട്ടുമുക്കത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് ഇവര്‍ വില്പന നടത്തിയ 3000 കിലോ റബ്ബര്‍ ഷീറ്റും, 700 കിലോ അടക്കയും, 150 കിലോ ഒട്ടുപാലും കണ്ടെടുത്തു. പ്രതികള്‍ മോഷ്ടിക്കുന്ന സാധനങ്ങള്‍ തോട്ടുമുക്കത്തെ കടയിലെത്തിച്ചിരുന്ന ഇടിവണ്ണ സ്വദേശിയായ അജിയുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു.

പോത്തുകല്ല് പൊലീസ് സ്റ്റേഷന് പരിധിയിലെ മുട്ടിയേലില്‍ നിന്ന് ജുലൈ മാസത്തില്‍ പുകപുരയുടെ പൂട്ടു തകര്‍ത്ത് 275 റബര്‍ ഷീറ്റും, ഒക്ടോബര്‍ മാസത്തില്‍ മതില് മൂലയിലുള്ള നാലകത്ത് അബ്ദുള്‍ റഹിമാന്റെ വീട്ടിലുള്ള പുകപ്പുരയില്‍ നിന്ന് 300 റബര്‍ ഷീറ്റും മോഷണം പോയ കേസിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇതിനുപുറമെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിക്കുന്ന്,അകംമ്ബാടം, ഇടിവണ്ണ ഭാഗങ്ങളില്‍ പതിമൂന്നോളം മോഷണവും ഇവര്‍ നടത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും

