KOYILANDY DIARY

The Perfect News Portal

പൊന്നാനിയില്‍ സി.പി.എം.ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആര്‍എസ്‌എസ് അക്രമം

മലപ്പുറം: പൊന്നാനിയില്‍ വീണ്ടും സംഘര്‍ഷം. പൊന്നാനി സി.പി.എം.ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആര്‍എസ്‌എസ് അക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ ആര്‍.എസ്.എസ്-.സി.പി.എം. അക്രമത്തിന്റെ തുടര്‍ച്ചയായാണ് സി.പി.എം. പൊന്നാനി ലോക്കല്‍ സെക്രട്ടറി കെ. ഗോപീദാസിന്റെ വീടിനു നേരെ അക്രമമുണ്ടായത്.

അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമമഴിച്ചു വിട്ടതെന്ന് സി.പി.എം.നേതൃത്വം പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പൊന്നാനി എം.ഐ.ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വെച്ച്‌ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തില്‍ 9 സി.പി.എം.പ്രവര്‍ത്തകര്‍ക്കും ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മേഖലയില്‍ മാസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്

അതേ സമയം പൊന്നാനി മേഖലയില്‍ നിലനില്‍ക്കുന്ന രാഷട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ ആര്‍.ഡി.ഒ.യുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊന്നാനി സി.ഐ.യോട് യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊന്നാനി തഹസില്‍ദാര്‍ ജി. നിര്‍മ്മല്‍കുമാര്‍, സി. ഐ.സണ്ണി ചാക്കോ, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *