പേരാമ്പ്ര കോളേജിലെ പതാക വിവാദം: സംഘപരിവാറിൻ്റെ ശ്രമം ആസൂത്രിതം – മുസ്ലിംലീഗ്

പേരാമ്പ്ര: ഇല്ലാത്ത കാര്യത്തില്‍ വിവാദമുണ്ടാക്കി ഒരുവിഭാഗത്തെ ദേശദ്രോഹികളായി മുദ്രകുത്താനുള്ള ആസൂത്രിതശ്രമമാണ് പേരാമ്പ്രയിലെ പതാകപ്രശ്നത്തില്‍ നടക്കുന്നതെന്ന് മുസ്ലിംലീഗ്. എം.എസ്.എഫ്. പതാക കൊടിമരം പൊട്ടി താഴെവീണ് വിദ്യാര്‍ഥികള്‍ പിടിച്ചതിനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്.

തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയില്‍ വലിയ പതാകകള്‍ വീശാന്‍ വിദ്യാര്‍ഥികള്‍ മത്സരമായിരുന്നു. മറ്റുവിദ്യാര്ഥിസംഘടനകളും വലിയ പതാകയുമായാണ് എത്തിയത്. പെട്ടെന്ന് പതാക തയ്യാറാക്കിയപ്പോള്‍ അതില്‍ എം.എസ്.എഫ്. എന്നെഴുതാന്‍ വിട്ടുപോയതാണ്. ഇതിനെ എം.എസ്.എഫിനെയും മുസ്ലിംലീഗിനെയും കരിതേച്ചുകാണിക്കാനായി ഉപയോഗിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്, നിയോജകമണ്ഡലം പ്രസിഡന്റ് എസ്.കെ. അസൈനാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ചനടന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ പാക് പതാകയും എം.എസ്.എഫ്. പതാകയും കൂട്ടിക്കെട്ടി കത്തിച്ച് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. പാക് പതാക എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണം. പരാതിക്കാരനില്ലാതെ, വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും. വിദ്യാര്ഥികള്ക്കെതിരേ കോളേജ് എടുത്ത നടപടി അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇ. ഷാഹി, പുതുക്കുടി അബ്ദുറഹ്മാന്, കല്ലൂര്‍ മുഹമ്മദലി, കെ. അജ്നാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

