KOYILANDY DIARY.COM

The Perfect News Portal

പെരിയ കൊലപാതകം: പീതാംബരനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം പങ്കെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ പങ്കൊള്ളുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപ്കുമാര്‍ പ്രസ്താവന നല്‍കിയത്. ഹര്‍ജി മെയ് 25ന് പരിഗണിക്കാന്‍ മാറ്റി.

ഉന്നത സിപിഐഎം നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇവര്‍ ആരാണെന്ന സൂചന പോലും ഹര്‍ജിക്കാര്‍ നല്‍കുന്നില്ലെന്നു പ്രസ്താവന പറയുന്നു. കേസില്‍ ഉന്നത സിപിഐ എംനേതാക്കള്‍ക്ക് പങ്കില്ല.

Advertisements

അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സിപിഐ എമ്മിന്റെ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിന് പകരംവീട്ടാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രഥമവിവര മൊഴിയുണ്ട്.

മുന്നാട് കോളേജിലെ കെഎസ്യു-എസ്‌എഫ്‌ഐ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ശരത് ലാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ പീതാംബരന്‍ ഇടപെട്ടിരുന്നു. ആക്രമണത്തില്‍ പീതാംബരന് പരിക്കേറ്റു. ഇതിലുള്ള വൈരാഗ്യം നിമിത്തം നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പങ്കെടുക്കരുതെന്ന് പീതാംബരന്‍ പാര്‍ടിയുടെ ലോക്കല്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇതു കണക്കിലെടുക്കാതെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിലുള്ള പ്രതിഷേധം വ്യക്തമാക്കി പീതാംബരന്‍ പാര്‍ടി ഏരിയ സെക്രട്ടറിക്ക് കത്തുനല്‍കി.

പിന്നീടാണ് പീതാംബരനും കൂട്ടരും സ്വന്തം നിലയ്ക്ക് കൊലപാതകങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയത്. പീതാംബരനു നേരെ ആക്രമണം ഉണ്ടായശേഷം പ്രാദേശിക കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ഇടപെട്ട് സമാധാനചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പീതാംബരന്‍ സമാധാന ശ്രമങ്ങള്‍ക്കെതിരായിരുന്നു. ഇതിനാലാണ് വ്യക്തിപരമായി പകവീട്ടാന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്.

കോണ്‍ഗ്രസുകാരുടെയും ബിജെപിക്കാരുടെയും ആക്രമണങ്ങളില്‍നിന്ന് പാര്‍ടി പ്രവര്‍ത്തകരെ സംരക്ഷിക്കാത്തതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പിടാത്ത ഒരു കത്ത് പീതാംബരന്റെ ബൈക്കില്‍നിന്ന് കണ്ടെടുത്തിരുന്നു.

തനിക്കൊപ്പമുള്ളവരെ സംരക്ഷിച്ചില്ലെങ്കില്‍ പാര്‍ടി വിടുമെന്ന് പീതാംബരന്‍ ഭീഷണി മുഴക്കിയിരുന്നു. സിപിഐ എം നേതാക്കളില്‍നിന്ന് പിന്തുണ കിട്ടാത്തതിനെത്തുടര്‍ന്നാണ് പീതാംബരന്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പകവീട്ടാന്‍ തുനിഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കിന് അന്വേഷണ മേല്‍നോട്ടച്ചുമതല നല്‍കിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 28ന് മറ്റൊരു എസ്പി സാബു മാത്യുവിന് മേല്‍നോട്ടച്ചുമതല നല്‍കിയത്. മൂന്ന് സിഐമാര്‍ ഉള്‍പ്പെടെ 21 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

150 സാക്ഷികളെ ഇതുവരെ ചോദ്യംചെയ്തു. അന്വേഷണസംഘം കണ്ടെടുത്ത ആയുധങ്ങളും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി സജിയെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ആരും ബലമായി മോചിപ്പിച്ചിട്ടില്ല. ഫെബ്രുവരി 20ന് ഇയാളെ ബേക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനുമുമ്ബ് വി പി പി മുസ്തഫ നടത്തിയെന്നു പറയുന്ന പ്രസംഗം രാഷ്ട്രീയപ്രസംഗം മാത്രമാണ്. ഇതില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ഭീഷണിയൊന്നുമില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *