പൂന്തുറയിൽ ജനം തെരുവിലേക്ക് ഇറങ്ങുന്നത് വലിയ അപകടം വിളിച്ച് വരുത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയിലെ പ്രതിഷേധ പ്രകടനങ്ങളില്‍ ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സൂപ്പര്‍ സ്പ്രെഡ് നടന്ന സ്ഥലമായ പൂന്തുറയില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങിയതില്‍ വലിയ വിഷമം ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞു. പൂന്തുറയില്‍ ഇന്നുണ്ടായ സംഭവം ഭയപ്പെടുത്തുന്നതാണ്. സാമൂഹിക അകലം ലംഘിച്ച് ജനം തെരുവിലേക്ക് ഇറങ്ങുന്നത് വലിയ അപകടം വിളിച്ച് വരുത്തും.
നിലവില്‍ പൂന്തുറയില്‍ അതീവ ഗുരുതരമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ആറാം തിയ്യതി മുതല്‍ പൂന്തുറയില്‍ നടത്തിയ പരിശോധനയില്‍ 243 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. പ്രായം ചെന്ന 5000ല്‍ കൂടുതല്‍ ആളുകള്‍ ഇവിടെയുണ്ട്. കടുത്ത നിയന്ത്രണം അല്ലാതെ വൈറസിനെ ചെറുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതൊരു തമാശക്കളിയല്ല, കൈവിട്ട കളി ആണെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ആന്റിജന്‍ പരിശോധനയ്ക്ക് എതിരെ പൂന്തുറയില്‍ വ്യാജ പ്രചാരണം നടന്നിട്ടുണ്ട്. ആരാണ് പ്രതിഷേധത്തിന് പ്രേരിപ്പിച്ചത് എന്നറിയില്ല. ജനങ്ങള്‍ കൂട്ടമായി സമരം ചെയ്യുന്നത് കേരളത്തില്‍ വൈറസ് വ്യാപനത്തിന് ഇടയാക്കും. ഒരുപാട് മരണത്തിലേക്ക് നയിക്കും. ദയവ് ചെയ്ത് കേരളത്തെ വലിയൊരു ആപത്തിലേക്ക് വലിച്ചിഴയ്ക്കരുത്. നേതാക്കള്‍ അണികളെ പറഞ്ഞ് മനസ്സിലാക്കണം എന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.

ഒരു ഡോക്ടറുടെ കാറിന് നേരെ പൂന്തുറയില്‍ ആക്രമണം ഉണ്ടായെന്ന് കേള്‍ക്കുന്നു. ഭയം ഉണ്ടാകുന്നു ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്ബോള്‍. ഇങ്ങനെ ആക്രമിച്ചാല്‍ ജനങ്ങളെ സഹായിക്കാന്‍ ആരാണ് ഉണ്ടാവുക എന്നും മന്ത്രി ചോദിച്ചു. പൂന്തുറയില്‍ സൗകര്യങ്ങളില്ലെന്നും ലോക്ക്ഡൗണില്‍ ഇളവ് വേണം എന്നും ആവശ്യപ്പെട്ടാണ് രാവിലെ ആളുകള്‍ പ്രതിഷേധിച്ചത്. പൂന്തുറയില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ അടക്കമുളള സൗകര്യമൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇ്പ്പോള്‍ കൊവിഡ് പ്രതിരോധത്തിന് സാധ്യമായതെല്ലാം ചെയ്യുന്നത്. സൗജന്യ റേഷനും പോഷകാഹാരവും അടക്കം വിതരണം ചെയ്യുന്നുണ്ട്. എന്ത് പ്രതിഷേധം ആയാലും ആളുകളെ കൊലയ്ക്ക് കൊടുക്കരുത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

