പുന്നപ്ര- വയലാര്‍ സമരസേനാനി കെ വി തങ്കപ്പന്‍ അന്തരിച്ചു

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരസേനാനിയും സിപിഐ എം- ട്രേഡ് യൂണിയന്‍ നേതാവുമായ മുഹമ്മ പുത്തന്‍പറമ്പ്
വീട്ടില്‍ കെ വി തങ്കപ്പന്‍ (95) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9.30 ഓടെ മണ്ണഞ്ചേരി ഫാംഷെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
19-ാം വയസില്‍ മുഹമ്മയിലെ വില്ല്യം ഗുഡേക്കര്‍ കമ്പനിയില്‍ കയര്‍ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ച കെ വി തങ്കപ്പന്‍ പുന്നപ്ര- വയലാര്‍ സമരത്തിന് മാരാരിക്കുളത്ത് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു. രണ്ടുതവണ ജയില്‍വാസം അനുഭവിച്ച ഇദ്ദേഹം കൊടിയ മര്‍ദനത്തിന് വിധേയനായി.

പുന്നപ്ര- വയലാര്‍ സമരത്തിന്റെ രണ്ടാംവാര്‍ഷികത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായ കെ വി തങ്കപ്പനും മുഹമ്മ അയ്യപ്പനുമടക്കമുള്ളവരെ പൊലീസ് മൃഗീയമായി മര്‍ദിച്ചു. സെന്‍ട്രല്‍ ജയിലിലെ അഞ്ചാംകെട്ടിടത്തിനു മുകളില്‍ ചെങ്കൊടി ഉയര്‍ത്തിയതിനായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശനായ മുഹമ്മ അയ്യപ്പന്‍, കെ വി തങ്കപ്പന്റെ മടിയില്‍ തലചായ്ച്ചാണ് രക്തസാക്ഷിത്വം വരിച്ചത്. അന്ന് അടിയേറ്റ് കെവിയുടെ തലപിളര്‍ന്നു.

കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ള ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ ഒളിവില്‍ കഴിയവെ പാമ്ബുകടിയേറ്റപ്പോള്‍ കട്ടിലില്‍ ചുമന്ന് വിഷചികിത്സകന്റെ അടുക്കല്‍കൊണ്ടുപോയ സംഘത്തില്‍ കെവി ഉണ്ടായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, ചേര്‍ത്തല താലൂക്ക് സെക്രട്ടറി, മുഹമ്മ ലോക്കല്‍ സെക്രട്ടറി, ചേര്‍ത്തല ഏരിയ കമ്മിറ്റിയംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റ്, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

