KOYILANDY DIARY.COM

The Perfect News Portal

പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും

ഡല്‍ഹി:  പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും. രാവിലെ 11ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ രാഷ്ട്രപതിഭവന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 66 മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം 82 അംഗങ്ങള്‍ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടാം. പുതിയ മുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുനഃസംഘടനയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് മന്ത്രിമാരെയെങ്കിലും ഉള്‍പ്പെടുത്തിയാകും പുനഃസംഘടനയുണ്ടാവുക. മാത്രമല്ല, അസം മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത സര്‍ബാനന്ദ സോണോവാള്‍ ചുമതലയൊഴിഞ്ഞ കായിക വകുപ്പ്, ശിവസേനയ്ക്കായി മാറ്റിവച്ച മന്ത്രിപദം തുടങ്ങിയവയില്‍ പുതിയ മുഖങ്ങള്‍ വരും.

ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളില്‍ അഴിച്ചുപണിക്കു സാധ്യതയില്ല. ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുല്ലയ്ക്കു പകരം മുഖ്താര്‍ അബ്ബാസ് നഖ്വി  മന്ത്രിയായേക്കും. പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പുനഃസംഘടനയില്‍ മാനദണ്ഡമാകുമെന്നാണ് സൂചന.

Advertisements

പുനഃസംഘടന സംബന്ധിച്ച്‌ ഒരു മാസത്തോളമായി ബിജെപിയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജൂലൈ ഏഴിന് ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച തന്നെ നടത്തുന്നത്.

Share news