പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം: ശക്തമായ പോലീസ് സുരക്ഷ ഒരുക്കുന്നു
കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പോലീസ് സുരക്ഷാ സംവിധാനം കർശനമാക്കും. പ്രധാന ഉത്സവദിവസമായ ഏപ്രിൽ ഒന്ന്, രണ്ട് തിയ്യതികളിലാണ് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കുക.
വടകര ഡി.വൈ.എസ്.പി.കെ.സുദർശനാണ് സുരക്ഷാ സംവിധാനത്തിന്റെചുമതല. കൊയിലാണ്ടി, സി.ഐ.കെ. ഉണ്ണികൃഷ്ണനാണ് ഏകോപനച്ചുമതല. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ഓളം എസ്.ഐ, എ.എസ്.ഐ, വനിതാ എസ്.ഐ.മാർ, 175 ഓളം പോലീസുകാർ, 25 ഓളം വനിതാ പോലീസുകാർ തുടങ്ങിയവരടക്കം 250 ഓളം പോലീസുകാരാണ് സുരക്ഷാ സംവിധാനങ്ങൾക്കായി ഏർപ്പെടുത്തുക.

വനിതാ സ്ക്വാഡ്, മഫ്ടിയിലുള്ള പോലീസുകാർ, ബൈക്ക് പോലീസുകാർ, എന്നിവയും സുരക്ഷാ സംവിധാനത്തിനുണ്ടാവും, പിഷാരികാവ് ഇപ്പോൾ തന്നെ സി.സി.ടി.വി.ക്യാമറാ നിരീക്ഷണത്തിലാണ്. ഇത് പോലീസ് അപ്പപ്പോൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കും. കൂടാതെ ആവശ്യമെങ്കിൽ പോലീസ് ക്യാമ്പിൽ നിന്നും ആംമ്ഡ് പോലീസിനെയും രംഗത്തിറക്കും.

പഴുതില്ലാത്ത സുരക്ഷയാണ് ഒരുക്കുക, പ്രധാന ഉൽസവ ദിവസങ്ങളിൽ ദേശീയ പാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പിഷാരികാവിൽ വാച്ച് ടവർ സ്ഥാപിച്ച് നിരീക്ഷണം നടത്താനും പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും. അതിര് വിട്ട് പെരുമാറുന്നവരെ പൊക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയമിക്കുംമെന്നും പോലീസ് പറഞ്ഞു. പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്ത് തീരുമാനങ്ങൾ എടുത്തിരുന്നു.

