KOYILANDY DIARY

The Perfect News Portal

പിണറായി മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാമത്‌ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന ചടങ്ങില്‍ മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞയുണ്ടാകും. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് കാര്യങ്ങളില്‍ നാളെ ചേരുന്ന ഇടത് മുന്നണിയോഗം അന്തിമ തീരുമാനം ഉണ്ടാകും.

മന്ത്രി സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് മുന്നണിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റേയും സിപിഐ.യുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധവുണ്ടായേക്കും. ഒരംഗം മാത്രമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കില്ല. ചീഫ് വിപ്പ് സ്ഥാനം ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

ചീഫ് വിപ്പിന് പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. അതിനാല്‍ അത് വേണ്ടെന്നാണ് തീരുമാനം. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും. യു.ഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ സിപിഎമ്മിന്റെ അഭിമാനം കാത്ത് വീണ്ടും വിജയിച്ച കെ.സുരേഷ് കുറുപ്പിനെ മന്ത്രിയാക്കാനാണ് നീക്കം. അല്ലാത്ത പക്ഷം അദ്ദേഹം മന്ത്രിയാകും. സിപിഐ(എം) ലെ സൗമ്യതയുടെ മുഖവും മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ ഇതുവരെ പേരുദോഷം കേള്‍പ്പിക്കാത്ത പക്വമതിയുമായ കുറുപ്പ് മന്ത്രിസഭയില്‍ എത്തുന്നത് നന്നായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. ഡെപ്യൂട്ടി സ്പീക്കറായി സിപഐ ബിജി മോളെ പരിഗണിക്കുന്നുവെന്നാണ് സൂചന. മന്ത്രിസ്ഥാനത്തേക്കും ബിജി മോളുടെ പേര് പരിഗണിക്കുന്നുണ്ട്.

Advertisements

അതിനിടെ ജനതാദള്‍ എസില്‍ നിന്നുള്ള മന്ത്രിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം. നിലവിലെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവും സംസ്ഥാന പ്രസിഡന്റുമായ മാത്യു ടി. തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗവും ചിറ്റൂരില്‍ നിന്നു വിജയിച്ച കെ. കൃഷ്ണന്‍കുട്ടിക്കായി മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് തര്‍ക്കമായത്. ഇന്നലെ സംസ്ഥാന ഭാരവാഹികളുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് ധാരണയില്‍ എത്താനായില്ല. തുടര്‍ന്ന് തീരുമാനം നാളത്തേക്ക് മാറ്റി.

മുന്‍ സഭയിലെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ മാത്യു ടി. തോമസ് മന്ത്രിയാകുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. വടകരയില്‍ നിന്നു വിജയിച്ച സി.കെ. നാണുവാണ് ജെ.ഡി.എസിന്റെ മറ്റൊരു അംഗം. എന്നാല്‍ ഇത്തരം തര്‍ക്കങ്ങള്‍ പാടില്ലെന്നാണ് സിപിഐ(എം) നിലപാട്. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുമുന്നണിയിലെ കക്ഷികള്‍ യോഗം ചേരുന്നുണ്ട്.

തിങ്കളാഴ്ച്ചയോടെ സര്‍ക്കാരിന്റെ ഏകദേശം ചിത്രം തെളിയും. പാര്‍ട്ടയിലെ പദവി, സീനിയോറിറ്റി, സാമുദായിക സമവാക്യങ്ങള്‍, ജില്ലാ പ്രാതിനിധ്യം തുടങ്ങി വിവിധ ഘടങ്ങള്‍ പരിഗണിച്ചായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.