പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് ശമ്ബളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദി അറേബ്യയിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ഒരു മന്ത്രിക്ക് ഗള്‍ഫില്‍ പോയി പ്രതിസന്ധിയില്‍പെട്ട മലയാളികളെ നേരില്‍ കാണാന്‍ നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റു തിരുത്തി മന്ത്രിക്ക് അടിയന്തിരമായി നയതന്ത്ര പാസ്പോര്‍ട്ട് ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രിയുടെ യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്ന് വ്യക്തമല്ലെന്നും അത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കെടി ജലീല്‍ സൗദിയിലേക്കുള്ള യാത്ര താല്‍കാലികമായി മാറ്റി വെച്ചിരിക്കുകയാണ്.എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ വേണ്ടിയല്ല, സഹായിക്കാന്‍ വേണ്ടിയായിരുന്നു സൗദിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കേന്ദ്ര നിലപാട് വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പാസ്പോര്‍ട്ട് നിരസിക്കല്‍ കെടി ജലീല്‍ ചോദിച്ച് വാങ്ങിയതാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

