KOYILANDY DIARY.COM

The Perfect News Portal

പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയ ആദ്യ മന്ത്രസഭാ യോഗം

തിരുവനന്തപുരം: പ്രതിമാസ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബജറ്റിന്റെ ഭാഗമായി വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക പൂര്‍ണമായും  ഉടന്‍ കൊടുത്തുതീര്‍ക്കും. പ്രായാധിക്യമുള്ളവരും അവശരുമായവരെ ബാങ്കുകളിലേക്ക് നടത്തിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കും. ഇത്  പ്രാവര്‍ത്തികമാക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കേരളത്തില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം മാറ്റാനാണിത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിങ് നടത്തണം. പിഎസ്സി ലിസ്റ്റ് ഇല്ലാത്തവയിലും എത്രയും പെട്ടെന്ന് ഒഴിവുകള്‍ തിട്ടപ്പെടുത്തണം.  നിയമനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പിഎസ്സിയുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തും. ഇതിനായി 150 കോടി രൂപ ഉടന്‍ അനുവദിക്കും. ബജറ്റില്‍ 75 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഈ തുക അപര്യാപ്തമായതിനാലാണ് തുക വര്‍ധിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും തുക അനുവദിക്കും. അതോടൊപ്പം സിവില്‍ സപ്ളൈസ് കോര്‍പറേഷനെ പ്രൊഫഷണലൈസ് ചെയ്യും. സാധനംവാങ്ങല്‍, ലഭ്യമാക്കല്‍ തുടങ്ങിയവയിലെല്ലാമുള്ള കെടുകാര്യസ്ഥതയും അഴിമതിയും പൂര്‍ണമായും ഒഴിവാക്കും. നേരത്തെ സാധനങ്ങള്‍ ഉല്‍പ്പാദനകേന്ദ്രത്തില്‍നിന്ന് സംഭരിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് നല്ല നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി.

Advertisements

കേരളത്തില്‍ പതിമൂന്നാം പഞ്ചവത്സരപദ്ധതിക്ക് രൂപംനല്‍കും. കേന്ദ്രം പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് ഇത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കേന്ദ്രം പ്ളാനിങ് കമീഷന്‍ വേണ്ടെന്ന് വച്ചെങ്കിലും സംസ്ഥാനത്ത് പ്ളാനിങ് ബോര്‍ഡ് തുടരും.
ജനുവരി ഒന്നിനുശേഷം കഴിഞ്ഞ മന്ത്രിസഭ എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. എ കെ ബാലന്‍ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്. വിവാദതീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ കണ്ടെത്തി ഉപസമിതി റിപ്പോര്‍ട്ട് നല്‍കണം.

മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നത് ചര്‍ച്ചചെയ്യാന്‍ 27ന് രാവിലെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും. മന്ത്രിമാര്‍ക്ക് നല്‍കുന്ന സ്വീകരണപരിപാടികളില്‍  സ്ത്രീകളെയും കുട്ടികളെയും താലപ്പൊലിയും മറ്റുമേന്തി നിര്‍ത്തുന്നത് ഒഴിവാക്കണം– മുഖ്യമന്ത്രി പറഞ്ഞു.

Share news