KOYILANDY DIARY.COM

The Perfect News Portal

പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ല: പിണറായി

കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും. എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നവ കേരള നിര്‍മ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്.

ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിര്‍മ്മിച്ചേ മതിയാകൂ എന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരളം സൃഷ്ടിക്കുന്നതിന് തടയാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്‍റെ കരുത്താണ്, അവരില്‍ വലിയ വിശ്വാസമുണ്ട്.

എല്ലാ പ്രവാസികളും നാടിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസ്സിലാകാത്ത.നിലപാട്സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി , മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ധീന്‍, ലോക കേരള സഭാംഗം കെ എല്‍ ഗോപി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *