KOYILANDY DIARY.COM

The Perfect News Portal

പര്‍ദ ധരിച്ച്‌ പ്രസവ വാര്‍ഡില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

തൊടുപുഴ:  പര്‍ദ ധരിച്ച്‌ പ്രസവ വാര്‍ഡില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കുമ്മംകല്ല് സ്വദേശി നൂര്‍ സമീറിനെ ആണ് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പര്‍ദ ധരിച്ച്‌ ഒരാള്‍ പ്രസവ വാര്‍ഡിലൂടെ ചുറ്റിക്കറങ്ങുന്നതു കണ്ട് വാര്‍ഡിലെ സ്ത്രീകള്‍ക്കു സംശയം തോന്നി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുരുഷനാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാള്‍ പുറത്തിറങ്ങി ഓടി. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പര്‍ദ മാറ്റിയശേഷം പോലീസുകാരനാണെന്നു പറഞ്ഞു കടന്നുകളഞ്ഞു. സംഭവത്തില്‍, നൂര്‍ സമീറിനെതിരെ ആള്‍മാറാട്ടത്തിനു കേസെടുത്തിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അതേസമയം നൂര്‍ സമീര്‍ ആശുപത്രിയില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു വില്‍പ്പനക്കാരനില്‍ നിന്നു 96,000 രൂപ തട്ടിയെടുത്ത കേസില്‍ നൂര്‍ സമീറിനെ കൂടാതെ, പോലീസുകാരായ മുജീബ് റഹ്മാന്‍, സുനീഷ് കുമാര്‍ എന്നിവരെ 2017 ജനുവരിയില്‍ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

Advertisements

ഇതേത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന മൂവരെയും അടുത്തിടെയാണു തിരിച്ചെടുത്തത്. മുന്‍പും സര്‍വീസില്‍ അച്ചടക്ക നടപടി നേരിട്ടതിനാല്‍ വിശദമായി അന്വേഷണം നടത്തി സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്ന നടപടി വരെ പരിശോധിക്കുമെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *