പരശുറാം എക്‌സ്പ്രസ്സിലെ യാത്ര ദുരിതപൂർണ്ണം

കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടുമുള്ള തീവണ്ടി യാത്ര ദുരിതപൂര്‍ണം. ജൂണില്‍ വിദ്യാലയങ്ങളും മറ്റും തുറക്കുന്നതോടെ വണ്ടികളില്‍ കാലെടുത്തുവെക്കാന്‍ കഴിയാത്ത അവസ്ഥയാകും. വേനലവധിയായതിനാല്‍ ഇപ്പോള്‍ എല്ലാ തീവണ്ടികളിലും വന്‍തിരക്കാണ്.
കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടുമുള്ള യാത്രദുരിതം ലഘൂകരിക്കാന്‍ പുതിയൊരു പാസഞ്ചര്‍ വണ്ടി ഓടിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്ന് വണ്ടിയില്‍ കൊള്ളാനുള്ള യാത്രക്കാരുമായിട്ടാണ് രാവിലെയും വൈകുന്നേരവും പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ഓടുന്നത്.

രാവിലെ 7.10-ന് കൊയിലാണ്ടിയില്‍ എത്തുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ നല്ല തിരക്കായിരിക്കും.അതിനുശേഷം രാവിലെ 8.20-നാണ് പരശുറാം എക്‌സ്പ്രസ്സ് കൊയിലാണ്ടിയിലെത്തുക. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, സര്‍വകലാശാല, കോഴിക്കോട്ടെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പോകേണ്ട യാത്രക്കാര്‍ അധികവും ആശ്രയിക്കുന്നത് പരശുറാമിനെയാണ്. ഇതില്‍ കയറിപ്പറ്റുകതന്നെ വലിയ സാഹസമാണ്.

രണ്ട് എ.സി.കോച്ചുകളും മൂന്ന് റിസര്‍വേഷന്‍ കോച്ചുകളും 12 ജനറല്‍ കോച്ചുകളുമാണ് പരശുറാമിനുള്ളത്. ജനറലില്‍ രണ്ട് ലേഡീസ് കോച്ചുകളും ഉള്‍പ്പെടും. ബോഗികളുടെ എണ്ണം കൂട്ടുകയാണ് അടിയന്തരമായി വേണ്ടത്. പരശുറാമിനുശേഷം ഒന്‍പത് മണിക്കെത്തുന്ന നേത്രാവതി എക്‌സ്പ്രസ്സിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

മംഗലാപുരത്തു നിന്ന് യാത്ര തുടങ്ങുന്ന പരശുറാം എക്‌സ്പ്രസ് കണ്ണൂരിലെത്തുമ്പോള്‍ത്തന്നെ നല്ല തിരക്കാവും. തലശ്ശേരിയും മാഹിയും വടകരയും പിന്നിട്ട് യാത്രക്കാര്‍ തിങ്ങിഞെരുങ്ങി കൊയിലാണ്ടിയിലെത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. കൊയിലാണ്ടി സ്റ്റേഷനില്‍ നിന്നുള്ളവര്‍കൂടി വണ്ടിയില്‍ കയറുമ്പോഴേക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത അവസ്ഥയിലാവും തീവണ്ടിയാത്ര.
ഇത്രയും സാഹസപ്പെട്ട് ഓഫീസിലും കോളേജിലും എത്തുന്നവര്‍ക്ക് ഇതിനെക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് മടക്കയാത്രയാണ്. നേരത്തേ വരുന്നവര്‍ക്ക് മാത്രമേ മൂന്നേ മുക്കാലിന് കോഴിക്കോട്ടെത്തുന്ന പരശുറാമില്‍ കയറാന്‍ കഴിയുകയുളളൂ. അഞ്ചുമണിക്കുശേഷം വരുന്നവര്‍ക്ക് അഞ്ചരയ്ക്കുള്ള മംഗളയെയോ ഏഴു മണിയുടെ നേത്രാവതിയെയോ ആശ്രയിക്കണം. ഈ വണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ കുറവായതിനാല്‍ ശ്വാസം മുട്ടിവേണം നരകയാത്ര ചെയ്യാന്‍.
രാവിലെ പരശുറാം എക്‌സ്പ്രസ്സിന്റെ തിരക്ക് ഒഴിവാക്കാന്‍ ഇതിനു തൊട്ട് പിന്നാലെയായി ഒരു പാസഞ്ചര്‍ വണ്ടി ഷൊര്‍ണ്ണൂരിലേക്ക് ഓടിച്ചാല്‍ മതി. കോഴിക്കോട് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെ എത്തിച്ചേരുന്ന വിധം ഈ പാസഞ്ചറിന്റെ സമയം ക്രമീകരിച്ചാല്‍ പരശുറാമിനെ ആശ്രയിക്കേണ്ടിവരുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ അതിലേക്ക് മാറും.
