പച്ചക്കറി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജൈവപച്ചക്കറി വ്യാപനത്തോടൊപ്പം കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ്. സുനില്‍ കുമാര്‍. പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക് ജൈവ പച്ചക്കറി വിത്ത് വിതരണം ചെയ്യുമെന്നും വി.എഫ്.പി.സി.കെ. മുഖേന 2 കോടി പച്ചക്കറി തൈകള്‍ വിതരണത്തിന് തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. വേങ്ങേരി നഗരകാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഹോര്‍ട്ടി കോര്‍പ്പിന്റെ ശീതികരിച്ച പച്ചക്കറി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൈവ പച്ചക്കറി തൈകള്‍ക്കായി 500 പുതിയ ക്ലസ്റ്ററുകള്‍ ആരംഭിക്കും. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തിയ രാസ പരിശോധനയില്‍ കേരളത്തിലെ പച്ചക്കറിയില്‍ 96 ശതമാനവും വിഷവിമുക്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അഭിമാനകരമാണെന്നും കൃഷിയെക്കുറിച്ചും ജൈവ ഉത്പങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് കൃഷിവകുപ്പിന്റെ നിരന്തര ഇടപെടല്‍ കൊണ്ട് സാധിച്ചതായും മന്ത്രി പറഞ്ഞു. അമിതമായ രാസവളപ്രയോഗം നിയന്ത്രിച്ച് കൃഷിഭൂമി സംരക്ഷിക്കുന്നതിനുളള നടപടികള്‍ ശക്തമാക്കി വരികയാണെന്നും ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് മികച്ച ആദായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആറ് വിപണന കേന്ദ്രങ്ങളില്‍ കോഴിക്കോട് ജില്ലയിലെ കേന്ദ്രമാണ് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ ഒരു വിപണനകേന്ദ്രം കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ വേങ്ങേരിയിലെ കേന്ദ്രത്തില്‍ കര്‍ഷകര്‍ നേരിട്ട് നടത്തുന്ന പൊതുചന്ത ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കിയ ബൊക്കെയും ഹോര്‍ട്ടി കോര്‍പ്പിന്റെ അമൃത് തേനും നല്‍കിയാണ് പരിപാടിയില്‍ അതിഥികളെ സ്വീകരിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ഡ് കൗസിലര്‍ രതീദേവിക്ക് പച്ചക്കറികിറ്റ് കൈമാറി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഹോര്‍ട്ടി കോര്‍പ്പ് എം.ഡി ബാബു തോമസ്, വേങ്ങേരി വിപണനകേന്ദ്രം സെക്രട്ടറി ലാലി ജയിംസ്, ജനറല്‍ മാനേജര്‍ വി.രജിത, ആത്മ പ്രൊജക്‌ട് ഡയറക്ടര്‍ കെ.ടി ലീന, ടി.വി ബാലന്‍ മാസറ്റര്‍ എന്നിവര്‍ സംസാരിച്ചു.

