നോട്ട് നിരോധനം: നിയന്ത്രണം ഉടന്‍ പിന്‍വലിക്കില്ല
നോട്ട് നിരോധനത്തെ തുടർന്നുണ്ടായ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല. പണം കൂടുതല്‍ എത്തിയാല്‍ നേരിയ ഇളവ് നല്‍കാനാണ് സാധ്യത. എന്നാല്‍ അച്ചടി തോത് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മതിയായ അച്ചടി സാധ്യമായിട്ടില്ല. കൂടുതല്‍ സമയമെടുത്ത് നാസിക്കിലും മൈസൂരുവിലും ദേവാസിലും പശ്ചിമ ബംഗാളിലും അച്ചടി തുടരുകയാണ്.
500 രൂപാ നോട്ടുകള്‍ കൂടുതലായി അച്ചടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നിട്ടും ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിയിട്ടില്ല. വന്‍കിട കമ്പനികള്‍ക്ക് ആവശ്യമുള്ള അത്രയും പണം ഉടന്‍ ബാങ്കുകളില്‍ എത്തിക്കുക പ്രയാസമാണെന്ന് മുതിര്‍ന്ന പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്‍വലിക്കുന്ന സംഖ്യയുടെ തോത് ക്രമേണ വര്‍ധിപ്പിക്കാനാണ് സാധ്യത.
കൂടുതല്‍ പണം ബാങ്കുകളില്‍ എത്താതെ പിന്‍വലിക്കല്‍ തോത് വര്‍ധിപ്പിക്കില്ലെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ദതി ഭട്ടാചാര്യ പറഞ്ഞു. നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം എടിഎം വഴി പ്രതിദിനം പിന്‍വലിക്കാന്‍ സാധിക്കുന്ന സംഖ്യ 2500 രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക എടിഎം കൗണ്ടറുകളില്‍ നിന്നും കിട്ടുന്നത് വെറും 2000 രൂപയാണ്.
പണം പിന്‍വലിക്കാനുള്ള പരിധി ഒഴിവാക്കുന്നത് എപ്പോഴാണെന്ന് കേന്ദ്രസര്‍ക്കാരോ ആര്‍ബിഐ വൃത്തങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 30ന് ശേഷം പരിധി സംബന്ധിച്ച് പുനരവലോകനം നടത്തുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 10 വരെയുള്ള കണക്ക് പ്രകാരം 12.4 ലക്ഷം കോടിയുടെ പഴയ നോട്ടുകളാണ് രാജ്യത്തെ ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ കൈവശം എത്തിയിട്ടുള്ളത്.
