നിലമ്പൂര്‍ ബൈപ്പാസിന് 40 കോടി രൂപ കൂടി അനുവദിച്ചു

മലപ്പുറം: നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3 കിലോമീറ്റര്‍ ദൂരമുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ഇതോടെ അനശ്ചിതത്വമില്ലാതെ നിലമ്ബൂര്‍ ബൈപ്പാസിന്റെ ആദ്യഘട്ടം യാഥാര്‍ത്ഥ്യമാക്കാനാവും.960 മീറ്റര്‍ ദൂരത്തില്‍ ബൈപ്പാസിന്റെ ഒരു റീച്ച് നിര്‍മ്മാണം പൂര്‍ത്തികരിച്ചിരുന്നു. ഇത്രയും ദൂരത്തിനു മാത്രം 14 കോടി രൂപ സ്ഥലമേറ്റെടുക്കാന്‍ വേണ്ടിവന്നു.
മുക്കട്ട വരെ റോഡ് നിര്‍മ്മിക്കുന്നതിന് 21 കോടി രൂപയും അനുവദിച്ച് ടെന്‍ഡര്‍ ചെയ്തിരുന്നതാണ്.4.3 കിലോമീറ്റര്‍ ദൂരം സ്ഥലമേറ്റെടുക്കുന്നതിന് മുന്‍പ് അനുവദിച്ച തുകയായ 14 കോടി രൂപ പര്യാപ്തമല്ലാത്തതിനാല്‍ കഴിഞ്ഞ തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ 50 കോടി രൂപ കൂടി വകയിരുത്തിയിരുന്നു. ഈ തുകയുടെ 20 ശതമാനമായ 10 കോടി രൂപ നടപ്പു സാമ്ബത്തിക വര്‍ഷം നീക്കി വെക്കുകയും ചെയ്തിരുന്നു.പ്രഖ്യാപിച്ച 10 കോടി രൂപ ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് ഇതിനോടകം കൈമാറിക്കഴിഞ്ഞു. സ്ഥലമുടമകളുടെ രേഖകളുടെ പരിശോധന കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അവര്‍ക്ക് കൈമാറും. ഇതിനു പുറമെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ 40 കോടി കൂടി അനുവദിച്ച് ഉത്തരവായത്.

