നിരോധിത ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനവും രാത്രികാല ട്രോളിംഗും മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്നു

കൊയിലാണ്ടി: ഒരു വിഭാഗം ബോട്ടുടമകളും തോണിക്കാരും നടത്തി വരുന്ന നിരോധിത ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനവും രാത്രികാല ട്രോളിംഗും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്നു. രാപ്പകൽ വ്യത്യാസമില്ലാതെയുള്ള ഇത്തരം മത്സ്യബന്ധനം തങ്ങളെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുമോ എന്ന ഉൽക്കണ്ഠയിലാണിവർ. അതിലുപരി അശാസ്ത്രീയമായ ഈ മത്സ്യ ബന്ധനം കടലിന്റെ അടിത്തട്ടിലും ഉപരിതലത്തിലുമുള്ള ചെറു മത്സ്യങ്ങൾ ഉൾപ്പെടെ എല്ലാ തരം മത്സ്യങ്ങളുടെയും വംശനാശം ഉറപ്പുവരുത്തുമെന്ന ഭീതിയും പരമ്പരാഗത മത്സ്യ തൊഴിലാളികളെ പിന്തുടരുന്നു.
പ്രധാനമായും ബേപ്പൂർ, പുതിയപ്പ ഹാർബറുകൾ കേന്ദ്രീകരിച്ചാണ് വൻകിട ബോട്ടുകൾ ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തുടർന്ന് വരുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കി ടയിൽ ഇത്തരം മത്സ്യ ബന്ധനം തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാക്കുന്നുവെന്നാണ് സൂചന. കടലിൽ ചെറു മത്സ്യങ്ങളെ കൂട്ടത്തോടെ കൊന്നു തള്ളുക വഴി മത്സ്യസമ്പത്തിന് തന്നെ ഭാവിയിൽ വൻ ഭീഷണിയായി മാറുന്ന ഇത്തരം നടപടികൾ നിയന്ത്രിക്കണമെന്ന ആവശ്യം പല തവണ തൊഴിലാളികൾക്കിടയിൽ ഉയർന്ന് വന്നിട്ടും നടപടി ഇല്ലെന്ന ആക്ഷേപവും ശക്തമാണ്.

താല്കാലികമായ നേട്ടത്തിന് വേണ്ടി ഒരു വിഭാഗം ബോട്ടുടമകളും തൊഴിലാളികളും നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ ഫിഷറീസ് വകുപ്പ് ആവശ്യമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തെക്കൻ ജില്ലകളിൽ നേരത്തെ സംഭവിച്ചത് പോലെ പരമ്പരാഗത തൊഴിലാളികൾ നിയമം കൈയിലെടുക്കാൻ നിർബന്ധിതരാവുമെന്നും ഇത് തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.ഏരിയ പ്രസിഡണ്ട് ടി.വി.ദാമോദരൻ അധ്യക്ഷനായി. സി.എം.സുനിലേശൻ, ദിവ്യാ ശെൽവരാജ് എന്നിവർ സംസാരിച്ചു.

