നിപാ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാല്‍ തന്നെ

കൊച്ചി: നിപാ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാല്‍തന്നെയെന്ന് വ്യക്‌തമായി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വൈറസ് ബാധയുണ്ടായ കോഴിക്കോട് പേരാമ്പ്ര
യില്‍നിന്ന് രണ്ടാംഘട്ടത്തില്‍ ശേഖരിച്ച സാമ്ബിളുകളിലാണ് ഇവ കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘമാണ് സ്‌ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ ചങ്ങരോത്തില്‍ നിന്നും ടെസ്റ്റിനു വേണ്ടി ശേഖരിച്ച ആദ്യ ബാച്ച് വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ബാച്ച് വവ്വാലുകളില്‍ നടത്തിയ ടെസ്റ്റുകളില്‍ നിന്നുമാണ് വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്.ആദ്യതവണ പരീക്ഷണങ്ങള്‍ നടത്തിയ 21 വവ്വാലുകള്‍ പ്രാണികളെ ഭക്ഷിക്കുന്നവ ആയിരുന്നു. അവയില്‍ വൈറസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ശേഖരിച്ച 55 വവ്വാലുകളില്‍ പഴം ഭക്ഷിക്കുന്നവയും ഉള്‍പ്പെട്ടിരുന്നു. അവയിലാണ് നിപ്പ വൈറസിനെ കണ്ടെത്താന്‍ സാധിച്ചത്.

കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപാ പനി ബാധിച്ച് മരിച്ചത്. നിപാ ബാധയെ പ്രതിരോധിക്കുന്നതില്‍ കേരളം അതീവജാഗ്രതയാണ് പുലര്‍ത്തിയത്. ജൂലൈ ഒന്നിന് മലപ്പുറവും കോഴിക്കോടും നിപാ വിമുക്‌ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

