നാദാപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

നാദാപുരം: അഞ്ചു ദിവസങ്ങളിലായി ഉമ്മത്തൂര്‍ എസ്.ഐ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ രജിസ്ട്രേഷന് ഇന്ന് രാവിലെ ആരംഭിക്കും.
സ്റ്റേജിതര മത്സരങ്ങള്‍ നാളെ നടക്കും. തിങ്കളാഴ്ച മുതല്‍ പതിനാലു വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. ഉപജില്ലയിലെ 88 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. തിങ്കളാഴ്ച വൈകീട്ട് മേളയുടെ ഔപചാരിക ഉദ്ഘാടനം ഇ.കെ. വിജയന് എം.എല്‍.എ. നിര്‍വഹിക്കും.

ഗായകന് കണ്ണൂര്‍ ശരീഫ് മുഖ്യാതിഥിയായിരിക്കും. വ്യാഴാഴ്ച വൈകീട്ട് സമാപന സമ്മേളനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നാദാപുരം പ്രസ്ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ അഹമ്മദ് പുന്നക്കല്‍, കെ.സി.റഷീദ്, കെ.കെ.ഉസ്മാന്, ടി.കെ.ഖാലിദ്, സത്യന് നീലിമ, അസ്ലം കളത്തില്‍, എം.എ.ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

