നാടും നഗരവും വൃത്തിയുള്ളതാക്കാനുള്ള കൊയിലാണ്ടി നഗരസഭയുടെ ആശയങ്ങൾ പുതുമാതൃകയാവുന്നു

കൊയിലാണ്ടി: നാടും നഗരവും വൃത്തിയുള്ളതാക്കാനുള്ള കൊയിലാണ്ടി നഗരസഭയൂടെ പുത്തൻ ആശയങ്ങൾ ഭവന ശുചിത്വത്തിന്റെ പുതുമാതൃകയാവുന്നു. നഗരസഭയിലെ 17000 വീടുകളിലും കുടുംബശ്രീ പ്രവർത്തകർ നേരിട്ടെത്തി ശുചിത്വ പരിശോധന നടത്തിയും വീട്ടുകാരെ ഗാർഹിക ശുചിത്വത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചും നടത്തിയ ശുചിത്വ ഭവന പദ്ധതി പ്രവർത്തനം ജന മനസുകളെ തൊട്ടുണർത്തികഴിഞ്ഞു.
25 വീടുകൾ വീതമുള്ള ക്ളസ്റ്ററുകളാക്കി അയൽകൂട്ട തലത്തിലുള്ള പരിശോധനയും ക്ളസ്റ്റർ വിജയികളെ വാർഡുതലത്തിൽ വിലയിരുത്തി വാർഡ് തല പരിശോധനയും പൂർത്തിയാക്കി ഓരോ വാർഡിലും ഒന്നു വീതം ശുചിത്വഭവനങ്ങൾ കണ്ടെത്തി നഗരസഭയിൽ 44 ശുചിത്വ വീടുകൾ സമ്മാനാർഹമായി തെരഞ്ഞെടുത്തു കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ മികച്ച ശുചിത്വ നിലവാരം പുലർത്തിയ 10 ഭവനങ്ങൾ നിർണ്ണയിച്ച ശേഷം വിദഗ്ദസമിതിയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരായവരേയും നിശ്ചയിച്ചു കഴിഞ്ഞു. നവകേരളമിഷന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയുടെ വൃത്തി, വെള്ളം, വിളവ് എന്നീ ഉപ മിഷനുകളുടെ സന്ദേശമുള്‍കൊണ്ട് ഗൃഹപരിപാലനം നടത്തിയ ഭവനങ്ങളെ ഊർജ്ജ സംരക്ഷണത്തിന്റെ കൂടി പരിഗണനയില്‍ ഉൾപ്പെടുത്തി ശൂചിത്വ ഭവനങ്ങളെ നിശ്ചിയിക്കുന്ന പ്രക്രിയാണ് സ്വീകരിച്ചത്.
ഏറ്റവും ഉന്നത ശൂചിത്വ നിലവാരം പുലർത്തിയ ഒരു വീടിന് ചെമ്മണ്ണൂർ ജ്വല്ലറി സ് പോണ്‍സർ ചെയ്യുന്ന സ്വർണ സമ്മാനവും, രണ്ടും മൂന്നം സ്ഥാനങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും കൂടാതെ 7 വീടുകള്‍ക്ക് പ്രോത്സഹന സമ്മാനങ്ങളും ഏർപ്പെടുത്തിയതായി നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. അഡ്വ കെ സത്യൻപറഞ്ഞു. കേവലം ഒരു സമ്മാന പദ്ധതി എന്നതിനപ്പുറം വെടിപ്പാർന്ന വീടും ഗൃഹാന്തരീക്ഷവും നഗര ജനസാമാന്യത്തെ രോഗാതുരതയില്‍ നിന്നും മോചിപ്പിക്കുമെന്ന സന്ദേശം ജനമനസുകളില്‍ വളർത്തി എടുക്കുകയും ചെയ്യുക എന്നതു കൂടി ഈ പദ്ധതി ലക്ഷ്യംവെക്കുന്നു.
നഗരസഭാ കുടുംബശ്രീ സംഘടനാ സംവിധാനത്തെയാണ് ഈ പദ്ധതിയുടെ നോഡല്‍ ഏജൻസിയായി ചുമതല ഏല്‍പ്പിച്ചത്. ചിട്ടയായ പ്രവർത്തനത്തിലൂടെ നഗരസഭയിലെ പതിനേഴായിത്തൊളം വീടുകളില്‍ സന്ദർശനം നടത്തി പൊതുജനാരോഗ്യ കാര്യങ്ങളില്‍ ജനകീയ ഇടപെടലുകളും ചർച്ചകളും വളർത്തിയെടുക്കുകവഴി നഗരസഭയുടെ ശുചിത്വ ഭവന പദ്ധതി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് മാതൃകയായി കഴിഞ്ഞു. കഴിഞ്ഞവർഷം ഇ എം എസ് ടൌണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ നടത്തിയ ശുചിത്വ ഭവന പ്രഖ്യാപനവും സ്വർണ്ണ സമ്മാന വിതരണവും ഏറെ ശ്രദ്ധേയമായിരുന്നു.
ഈവർഷവും ചിത്ര പ്രദർശനം, ശുചിത്വ ഭവനത്തിനുള്ള സ്വർണ്ണ സമ്മാന വിതരണം , കുടുംബശ്രീ സംഗമം എന്നീ പരിപാടികള്‍ ഇന്ന് ഇ എം എസ് ടൌണ്‍ഹാളില്‍ നടക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ശുചിത്വ ഭവന പ്രഖ്യാപനം നടത്തി സമ്മാനം നല്‍കും. നഗരസഭ ചെയർമാന് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനാകും. വൈകീട്ട് 3 മണിക്ക് നടക്കുന്ന കുടുംബശ്രീ സംഗമത്തില്‍ ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ശുചിത്വമിഷൻ, കുുടുംബശ്രീ, ഹരിതകേരളമിഷൻ, എന്നിവയുടെ ജില്ലാ കോർഡിനേറ്റർമാരായ സി. കബനി, പി. സി. കവിത, പി. പ്രകാശൻ എന്നിവർ മുഖ്യാതിഥികളായെത്തും.
