നവവരന്റെ വീടിനു തീയിട്ട സംഭവത്തിൽ വധുവിന്റെ ബന്ധു അറസ്റ്റിൽ

കാെട്ടാരക്കര: പ്രണയ വിവാഹിതനായ നവവരന്റെ വീടിനു തീയിട്ട സംഭവത്തിൽ വധുവിന്റെ ബന്ധു അറസ്റ്റിൽ. പള്ളിക്കൽ പ്ലാവിളവീട്ടിൽ ശ്രീകുമാറിനെയാണ് കാെട്ടാരക്കര പാെലീസ് അറസ്റ്റ്ചെയ്തത്. വെള്ളാരംകുന്ന് ചരുവിള വീട്ടിൽ റെജീനയുടെ മകൻ ദീനുവിന്റെ (30) വീടാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ദീനുവും ശ്രീകുമാറിന്റെ അമ്മാവന്റെ മകളുമായുള്ള രജിസ്റ്റർ വിവാഹം വ്യാഴാഴ്ചയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ശ്രീകുമാർ വീടിന് തീയിട്ടത്. വധൂവരന്മാർ ബന്ധുവീട്ടിലും ദീനുവിന്റെ അമ്മ സമീപത്തെ വീട്ടിലുമായിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ശ്രീകുമാർ രണ്ടുതവണ വീടിനു സമീപം വന്നിരുന്നതായി അയൽവാസികൾ പറഞ്ഞു.


പിന്നീട് രാത്രി വൈകിയെത്തി വീട്ടിലെ വളർത്തുനായയെ അഴിച്ചു മാറ്റിയശേഷമാണ് തീയിട്ടത്. ഓടിയെത്തിയ അയൽക്കാരും കാെട്ടാരക്കരയിൽ നിന്ന് എത്തിയ അഗ്നിശമന സേനയും ചേർന്ന് തീയണച്ചു. ഓടും ഷീറ്റും പാകിയ കെട്ടിടത്തിനുള്ളിലെ വീട്ടുപകരണങ്ങളും പാസ്പോർട്ട് അടക്കമുള്ള രേഖകളും കത്തിനശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.


