നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം: കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തു

കൊല്ലം: കാരിക്കലില്‍ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കാരിക്കല്‍ അശ്വതി ഭവനില്‍ മഹേഷ്, ഭാര്യ അമ്പിളി എന്നിവരാണ് പിടിയിലായത്. ഭാര്യ ചെയ്ത കുറ്റം മറച്ചുവച്ചതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് വര്‍ഷം മുമ്ബ് വിവാഹിതരായ അമ്പിളിക്കും മഹേഷിനും ഒരു കുഞ്ഞുണ്ട്. ഇനിയൊരു കുട്ടി കൂടി വേണ്ടന്ന് തീരുമാനിച്ചിരുന്നെങ്കിലും അമ്പിളി വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭച്ഛിദ്രം നടത്താന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം കാരണം ശിശുവിന് മാനസികമായോ, ശാരീരികമായോ വൈകല്യം സംഭവിച്ചേക്കാമെന്ന ഭീതിയില്‍ കുഞ്ഞ് ജനിച്ചാലുടന്‍ കൊന്നുകളയാന്‍ അമ്ബിളി തീരുമാനിച്ചു.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ വച്ച് പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവ് മഹേഷ് തിരക്കിയപ്പോള്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിന്റെ ജഡം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചെന്നുമാണ് അമ്ബിളി പറഞ്ഞത്.

വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് പുറത്തിട്ടതാണ് സംഭവം പുറംലോകം അറിയാന്‍ കാരണം. ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ആണ്‍കുഞ്ഞിന്റേതാണെന്നാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പൊലീസ് പ്രദേശത്തെ ഗര്‍ഭിണികളുടെ വിവരം ശേഖരിച്ചപ്പോഴാണ് അമ്ബിളിയിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തിന് പിന്നില്‍ അമ്പിളിയുടെ അമ്മക്ക് പങ്കുണ്ടന്ന് അഭ്യൂഹം പരന്നെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു

