നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ കോൺഗ്രസ്സ് സമരം മതിയാക്കി

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ സമിതി മൂന്ന് ദിവസമായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സമീപം ദേശീയ പാതക്കരികിൽ തുടർന്ന് വന്ന അനിശ്ചിതകാല സത്യാഗ്രഹസമരം മതിയാക്കി. സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞാണ് സമരം പിൻവലിച്ചത്. നിവേദന പ്രകാരം അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സമിതി നേതാക്കൾ പറഞ്ഞു.
ഒരു ലക്ഷ്യവും ബന്ധവുമില്ലാതെ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുമ്പിൽ എന്തിനായിരുന്നു സമരം തുടങ്ങിയതെന്നും ബന്ധപ്പെട്ട സർക്കാർ ഓഫീസിനു മുമ്പിൽ സമരം ചെയ്യാതെ സി. പി. ഐ. (എം) ന്റെ സമ്മേളനം നടക്കുമ്പോൾ ഇവിടെ സമരം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് സമരസമിതിയിലെ ചിലർ ആരോപിക്കുകയും സമരത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതോടെ സമരസമിതി ആശങ്കയിലാവുകയായിരുന്നു.

സി.പി.ഐ.(എം)ന്റെ ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടക്കുമ്പോൾ സമരവുമായി മുമ്പോട്ട് പോയാൽ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുക എന്ന അനുമാനത്തിലാണ് ഭൂരിപക്ഷംപേരും. കഴിഞ്ഞ ദിവസം തന്നെ സമരം തുടങ്ങിയശേഷം സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയിരുന്നു. അനുമതിയില്ലാതെ പന്തൽ കെട്ടിയതിനായിരുന്നു പേലീസ് നടപടി.

എന്നാൽ സമരസമിതിക്കുള്ളിലെ ചില കോൺഗ്രസ്സ് പ്രവർത്തകർ സമരത്തെ രാഷ്ട്രീയ വൽക്കരിക്കുകയും പോലീസിനെക്കൊണ്ട് സമരകപ്പന്തൽ പൊളിപ്പിച്ചു എന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട് സി.പി.ഐ.(എം) നെതിരെയും കൊയിലാണ്ടിയിലെ ജനപ്രതിനിധികൾക്കെതിരെയും മാധ്യമങ്ങളിൽ വാർത്ത കൊടുപ്പിക്കുകയായിരുന്നു ഉണ്ടായത്. സമരപ്പന്തലിൽ അഭിവാദ്യം അർപ്പിക്കാൻ കൊയിലാണ്ടിയിലെ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും മത്സരിക്കുന്ന കാഴ്ചയായാണ് മൂന്ന് ദിവസമായി കാണാൻ കഴിഞ്ഞത്. കൂടാതെ കഴിഞ്ഞ ദിവസം എം.എൽ.എ. ഓഫീസിനു മുമ്പിൽ സമരം നടത്തിയപ്പോൾ അവിടെ അഭിവാദ്യം ചെയ്യാൻ കെ. പി. സി. സി. സെക്രട്ടറി കെ. പി. അനിൽകുമാർ എത്തിയതും സമരസമിതിക്കുള്ളിൽ ചർച്ചയായിരുന്നു.

സമരവുമായി മുമ്പോട്ടുപോകാനുള്ള പ്രയാസം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു എന്ന വ്യാജേന സി.പി.ഐ(എം) സമ്മേളന സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ച്
എഴുതിക്കൊണ്ട് വന്ന നിവേദനം മുഖ്യമന്തിക്ക് കൊടുക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ച് പോകുകയായിരുന്നു. ഇതിനെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ധേഹം ഉറപ്പ് തന്നതായി പ്രചരിപ്പിച്ച്കൊണ്ട് സമരം അവസാനിപ്പിക്കുകയായിരുന്നു.
രാമദാസ് തൈക്കണ്ടി, ടി.എം.രവീന്ദ്രൻ, വേണുഗോപാലൻ പാവൻ വീട്ടിൽ, തൊണ്ടിയേരി രവി, അബൂബക്കർ, നാരായണൻ ഇളയിടത്ത്, തടത്തിൽ ജയൻ, ഗംഗാധരൻ നായർ, ഐ. നാരായണൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചത്.
