ധനരാജിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പയ്യന്നൂര്‍ > ആര്‍എസ്എസ്സുകാര്‍ കൊലചെയ്ത കുന്നരുവിലെ സി വി ധനരാജിന് (41) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ ധീര രക്തസാക്ഷിയുടെ മൃതദേഹം കുന്നരുവിലെ വീട്ടുവളപ്പില്‍ ചൊവ്വാഴ്ച വൈകിട്ട് സംസ്കരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പകല്‍ ഒന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ നേതാക്കള്‍ രക്തപതാക പുതപ്പിച്ചു. തുടര്‍ന്ന്, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. നാടിന്റെ പ്രിയ സഖാവിനെ ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ വഴിയോരങ്ങളില്‍ തടിച്ചുകൂടി. പിലാത്തറ, പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, രാമന്തളി, കുന്നരു ഷേണായി മന്ദിരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവച്ചു. കുന്നരുവിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആയിരങ്ങളുടെ ഇന്‍ക്വിലാബ് വിളികള്‍ മുഴങ്ങവെ മൃതദേഹം വീട്ടുവളപ്പില്‍ തയ്യാറാക്കിയ ചിതയിലേക്കെടുത്തു. മൂത്ത മകന്‍ വിവേകാനന്ദ് ചിതയ്ക്ക് തീകൊളുത്തി. സംസ്കാരത്തിനുശേഷം അനുശോചനയോഗം ചേര്‍ന്നു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജന്‍, കെ കെ രാഗേഷ് എംപി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐ എം ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത്മണിയോടെ ബൈക്കുകളിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘമാണ് വീടാക്രമിച്ച് ധനരാജിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറിയായിരുന്നു ധനരാജ്.

