ദൗർബല്യങ്ങളെ വകവെക്കാതെ തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി. കാൽപ്പന്തുകളിയിലെ മഞ്ഞക്കുപ്പായമണിഞ്ഞ മിന്നും താരങ്ങൾ നിനച്ചിരിക്കാതെ കൺമുന്നിൽ കടന്ന് വന്നപ്പോൾ പരിമിതികളേയും വൈകല്യങ്ങളേയും മറന്ന് അവരുടെ കുസൃതിക്കണ്ണുകൾ വിടർന്നു. പലരുടേയും കുഞ്ഞു മുഖങ്ങൾ സന്തോഷത്താൽ ചുവന്നു തുടുത്തു. ദൃശ്യമാധ്യമങ്ങളിൽ ശരവേഗത്തിൽ കാൽപ്പന്തുരുട്ടി തെന്നിമറയുന്ന ആ മഞ്ഞക്കുപ്പായക്കാരെ ഏറെനേരം കണ്ണിമക്കാതെ നോക്കി നിന്നൂ അവർ. ദൗർബല്യങ്ങളെ വകവെക്കാതെ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കരിക് ചേർന്ന് ഒന്ന് തൊട്ടുഴിയാൻ പോലും ആ കുഞ്ഞിളം കൈകൾ പലതും നീളുന്നുണ്ടായിരുന്നു.
എങ്കിലും, കളിക്കളത്തിലെ കത്തിപ്പടരുന്ന ആവേശത്തിന്റെ ആൾരൂപങ്ങൾ തങ്ങളുടെ മുന്നിൽ കടന്നെത്തിയ ആ അസുലഭ മുഹൂർത്തത്തെ അക്ഷരാർത്ഥത്തിൽ അനുഭവിക്കുകയായിരുന്നു അവർ. പന്തലായനി ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വാരാഘോഷ പരിപാടിയുടെ വേദിയിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യർ ഫുട്ബോൾ ടീമിലെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജി. ജെയിംസ്, താരങ്ങളായ അനസ് എടത്തൊടിക, സി.കെ.വിനീത് കുമാർ, ധീരജ് സിംങ്ങ്, വിദേശ താരങ്ങളായ കെസിടോ, മാത്തോജ് എന്നിവർ അപ്രതീക്ഷിതമായി കടന്നു വന്നത്.

കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കളിക്കാർ. ഇതിനിടെ കൊയിലാണ്ടിയിൽ നടക്കുന്ന ഭിന്നശേഷി വാരാഘോഷത്തെപ്പറ്റി കേട്ടറിഞ്ഞതോടെ ഇവിടേക്ക് തിരിക്കുകയായിരുന്നു. ബി.പി.ഒ. എം.ജി. ബൽരാജ്, കൗൺസിലർ പി.എം.ബിജു, യു.കെ.ചന്ദ്രൻ, കെ.സുജീന്ദ്രൻ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

