ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പുരസ്‌കാര വിതരണത്തിന് ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താ വിനിമയ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഈ നടപടിയില്‍ രാഷ്ട്രപതി കടുത്ത അതൃപ്തി അറിയിച്ചതായാണ് സൂചന.
11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു വിവാദങ്ങളിലേയ്ക്ക് വഴിവെച്ചത്. മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഴുപതോളം പുരസ്‌കാര ജേതാക്കളാണ് ഇത്തവണ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചത്.

11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും വിതരണം ചെയ്യാനാണ് തീരുമാനം. ഇതാണ് ഒരു വിഭാഗം അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധത്തിലേക്ക് നയിച്ചത്. തങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കാട്ടി ഇവര്‍ ഒപ്പിട്ട കത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറിയിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിജയിച്ചില്ല.

ജേതാക്കള്‍ക്ക് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം അയച്ച ക്ഷണക്കത്തിലും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച നടന്ന റിഹേഴ്‌സലിനിടെയാണ് തീരുമാനം മാറ്റിയ വിവരം അവാര്‍ഡ് ജേതാക്കളെ അറിയിക്കുന്നത്. എന്നാല്‍ ഇത് മറ്റ് താരങ്ങള്‍ ചോദ്യം ചെയ്തു. തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്നും രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന 11 പേരെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

