ദുരിതാശ്വാസ നിധിയിലേക്ക് തെയ്യം കലാകാരന്മാര് സംഭാവന നല്കി

കുറ്റ്യാടി: ഓണപൊട്ടന്‍ തെയ്യം കഴിഞ്ഞ 80 വര്‍ഷമായി കെട്ടുന്ന കള്ളാട് വേട്ടോറ തല ചിറപറമ്പത്ത് കേളു പണിക്കര്‍ ഇത്തവണ അദ്ദേഹത്തിന് ലഭിച്ച ദക്ഷിണ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ചു. 92 കാരനായ കേളുപണിക്കരും മക്കളായ മണിയും ഷാജുവും പേരമകന് അശ്വിന് മണിയും ഇത്തവണ രണ്ട് ദിവസങ്ങളിലായി ഓണപൊട്ടന്‍ വേഷം കെട്ടി വീടുവീടാന്തരം കയറിയിരുന്നു.
നാട്ടുകാര്‍ നല്കിയ ദക്ഷിണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് കേളു പണിക്കരില്‍ നിന്ന് തുക സ്വീകരിച്ചു. കേളു പണിക്കര്‍ മലബാറിലെ അറിയപ്പെടുന്ന തെയ്യം കലാകാരനാണ്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നിരവധി ക്ഷേത്രാങ്കണങ്ങളിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെയ്യം കലാകാരന്മാര് കോലമണിയാറുണ്ട്. വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളുണ്ടെങ്കിലും ഇക്കുറിയും കേളുപണിക്കര്‍ മക്കളും പേരമക്കളുമൊത്ത് വീട്ട് മുറ്റത്തെ തറവാട് ക്ഷേത്രനടയില്‍ നിന്ന് ഓണപൊട്ടന്‍ വേഷമണിഞ്ഞു.

