ദിലീപിനെ അനുകൂലിച്ച് പ്രസ്താവന: ഗണേശ് കുമാറിനെതിരെ പരാതിപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കുകയും അനുകൂല പ്രസ്താവന നടത്തുകയും ചെയ്ത ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ അന്വേഷണ സംഘം കോടതിയില്‍. ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിമായ നീക്കമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന ഇറക്കിയത്. കോടതിവിധി വരുന്നതുവരെ മുന്‍പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തു വന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

എംഎല്‍എ എന്ന നിലയിലല്ല ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാനെത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഗണേശിന്റെ സന്ദര്‍ശനത്തിനു പിറകെ ജയറാമും വിജയരാഘവനും അടക്കമുള്ള നിരവധി സിനിമാപ്രവര്‍ത്തകരാണ് ജയിലില്‍ സന്ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് ദിലീപിനെ സബ് ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ ഇന്നലെ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.

