ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ്; ശബരിമല വീണ്ടും കനത്ത സുരക്ഷാവലയത്തില്‍

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ കനത്ത സുരക്ഷയൊരുക്കി പൊലീസ്. നട തുറക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച്ച മുതല്‍ ആറാം തിയതി വരെ ശബരിമലയില്‍ 5000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാരും തടയുമെന്ന് സമരക്കാരും നിലപാടെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം.
അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം പത്തിനാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലും സംഘര്‍ഷം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം മുമ്പേ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.

നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകളെ തങ്ങാന്‍ അനുവദിക്കില്ല. വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങളെ സുരക്ഷാ മേഖലകളാക്കി നിശ്ചയിട്ടുണ്ട്.

