KOYILANDY DIARY.COM

The Perfect News Portal

തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: 70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധ മൂലം വളരെക്കാലം ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തിയത്.അടൂര്‍ ഭവാനിക്കൊപ്പമായിരുന്നു നാടക പ്രവേശനം.

ബാല കളിയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന P. വസന്തകുമാരി എന്ന തൊടുപുഴ വാസന്തി , നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. 16ാം വയസില്‍ ധര്‍മക്ഷേത്ര, കുരുക്ഷേത്രയില്‍ നര്‍ത്തകിയായി എത്തിയ വാസന്തി, തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

1976 മുതല്‍ സിനിമാ മേഖലയില്‍ സജീവമായ അവര്‍, കണ്ണപ്പനുണ്ണി, വൃതം, അമ്മത്തൊട്ടില്‍, യവനിക, ആലോലം, കാര്യംനിസാരം, ഗോഡ്ഫാഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങി 450 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Advertisements

2016ല്‍ പുറത്തിറങ്ങിയ ഇത് താന്‍ ടാ പൊലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും അഭിനയിച്ചു. ഏറെ ദുരിതം നിറഞ്ഞ നാളുകളായിരുന്നു അവരുടേത്. അര്‍ബുദവും പ്രമേഹവും വേട്ടയാടിയതിനൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളും അവരെ തളര്‍ത്തി. പ്രമേഹം മൂര്‍ച്ഛിച്ചതോടെ വലത് കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നു.

ഇതോടെ ജീവിതം പൂര്‍ണ്ണമായും നാല് ചുമരുകള്‍ക്കുള്ളി ല്‍ ഒതുങ്ങി. അവസാന നാളുകളിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നായിരുന്നു മികച്ച നര്‍ത്തകി കൂടിയായ ഈ കലാകാരിയുടെ ആഗ്രഹം.

നാടക പ്രവര്‍ത്തകനായിരുന്ന കെ ആര്‍ രാമകൃഷ്ണന്‍ നായരുടെയും തിരുവാതിര ആശാട്ടി പി.പങ്കജാക്ഷിയുടെയും മകളാണ് വാസന്തി. രക്ഷിതാക്കള്‍ക്ക് പിറകെ ഭര്‍ത്താവ് രജീന്ദ്രനും മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. മക്കളില്ലാത്ത ഇവര്‍ പിന്നീട് മണക്കാടുള്ള വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തൊടുപുഴക്കടുത്ത മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *