തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേത്: ഹൈക്കോടതി

കൊച്ചി> തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അതാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
കേരള നാട്ടാന പരിപാലന നിയമപ്രകാരം തെച്ചിക്കോട്ടു കാവ് രാമചന്ദ്രന് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മാത്രമല്ല, വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഇൗ ആനയാണ്. എന്നാല്‍ ഇക്കൊല്ലം ജില്ലാ കളക്ടറും വനംവകുപ്പ് അസി. കണ്‍സര്‍വേറ്ററും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടയുമെന്ന് ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

