KOYILANDY DIARY.COM

The Perfect News Portal

തെക്കന്‍ ജില്ലകളിൽ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. തെക്കന്‍ ജില്ലകളിലാണ് മഴ കനത്തിരിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുളള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച കണ്ണൂരിലും റെഡ് അലേര്‍ട്ട് ആയിരിക്കും. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇന്ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യക ഉളളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വാഗമണ്ണില്‍ അടക്കം ഇടുക്കിയില്‍ പലയിടത്തും റോഡില്‍ മണ്ണിടിഞ്ഞ് വീണു.

കനത്ത മഴയെ തുടര്‍ന്ന് പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പമ്ബാതീരത്തെ കടകളില്‍ വെള്ളം കയറി. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാംബ്ല അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൈകിട്ടോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറും ഉയര്‍ത്തിയേക്കും. കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശമുണ്ട്.

Advertisements

2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്ബുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *