തൃശൂരില്‍ കണ്ടെയ്നറിനു പുറകില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു

ചാവക്കാട്: ഹൈവേ പോലീസ് കണ്ടെയ്നര്‍ ലോറി പരിശോധിക്കെ കണ്ടെയ്നറിനു പുറകില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം ഹൈവേ ഉപരോധിച്ചു. പാലപ്പെട്ടി അയ്യോട്ടിച്ചിറ പൊന്നാക്കാരന്‍ കുഞ്ഞിമുഹമ്മദ് (40) ആണ് മരിച്ചത്. ദേശീയപാത 17 അകലാട് ബദര്‍പള്ളിക്കടുത്ത് ഞായറാഴ്ച രാത്രി 11നാണ് അപകടം. വീതികുറഞ്ഞ ഭാഗത്താണ് ഹൈവേ പോലീസ് കണ്ടെയ്നര്‍ ലോറികള്‍ പരിശോധിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രവാസിയായ കുഞ്ഞിമുഹമ്മദ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഒരു കാറ്ററിങ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ജോലി കഴിഞ്ഞ് അകലാടുള്ള ഭാര്യവീട്ടിലേക്കു വരുമ്ബോഴാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് കുഞ്ഞിമുഹമ്മദിനെ ഹൈവേ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നു പറയുന്നു. പിന്നീട് അണ്ടത്തോടുനിന്നും ആംബുലന്‍സ് എത്തിയാണ് കുഞ്ഞിമുഹമ്മദിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൈവേ പോലീസുകാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഹൈവേ ഉപരോധിച്ചു. കുന്നംകുളം ഡിവൈ.എസ്.പി, വടക്കേക്കാട് പോലീസ്, ജില്ലയുടെ ഹണ്ടര്‍ ഡ്യൂട്ടിയുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സി.ഐ. എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹൈവേ പോലീസുകാരെ മെഡിക്കല്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ക്ക് വിധേയമാക്കാം എന്ന ഉറപ്പിലാണ് ഹൈവേ ഉപരോധം അവസാനിപ്പിച്ചത്. പതിനൊന്നു മണിക്ക് ആരംഭിച്ച ഉപരോധം പുലര്‍ച്ചെ 2.30 വരെ തുടര്‍ന്നു. ഇതിനിടെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആശുപത്രി സംബന്ധിച്ച് വടക്കേക്കാട് പോലീസും കുഞ്ഞിമുഹമ്മദിന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് മൃതദേഹം തൃശൂര്‍ മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകിട്ട് പുതിരുത്തി അജ്മീര്‍ പള്ളിഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. ഭാര്യ: ഹസീന എട്ടുമാസം ഗര്‍ഭിണിയാണ്.

