തിരുവല്ലയില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവല്ല: എംസി റോഡില്‍ തിരുവല്ല കുറ്റൂര്‍ ആറാട്ടുകടവില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് ചെങ്ങറ പട്ടിമറ്റം കട്ട കളത്തില്‍ അബ്ദുള്‍ റഹ്മാന്റെ മകന് എ അജ്മല്‍ (27) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരന് തിരുവല്ല കല്ലിശേരി ചക്കാലയില്‍ മുരളീധരന് (56) ഗുരുതരമായ പരിക്കേറ്റു. ലോറി ഇടിച്ച കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.
തിരുവനന്തപുരത്തേക്ക് പോകയായിരുന്ന ലോറി എതിരെ വന്ന കാറിനെ മറികടന്നെത്തിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പെട്ടന്ന് ബ്രേക്കിട്ടു. മഴ ഉണ്ടായിരുന്നതിനാല്‍ ലോറി പാളിമറിയുകയായിരുന്നു. ക്ലീനര്‍ ലോറിക്കടിയില്‍പ്പെട്ട് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ബൈക്ക് യാത്രക്കാരന്റെ കാലുകളും ലോറിക്കടിയില്പെട്ടിക്കുന്നു.ഇയാളെ തിരുവല്ല പുഷ്പഗിരി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

എതിരെ വന്ന കാറില്‍ ലോറി ഇടിച്ചതിനാല്‍ കാറില്‍ സഞ്ചരിച്ച മൂന്ന് പേര്‍ക്കും നിസാര പരിക്കുകളുണ്ട് പരിക്കേറ്റ് വഴിയില്‍ കിടന്ന വരെ ഐഐഇഎം എസ് 102 ആംബുലന്‍സ് മെഡിക്കല്‍ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചത്.

