താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നത് പതിവാകുന്നു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ യന്ത്രത്തകരാറുമൂലം റോഡില്‍ കുടുങ്ങുന്നത് പതിവാകുന്നു. ബുധനാഴ്ചയും ഒരു കണ്ടെയ്നര്‍ ലോറി പകല്‍ മുഴുവനും ചുരത്തിലെ ദേശീയപാതയില്‍ കുടുങ്ങിക്കിടന്നു. ഇതുമൂലം ചുരംറോഡിലെ ഗതാഗതം മന്ദഗതിയിലായി.
ചുരം ഏഴാംവളവില്‍ രാവിലെ ഏഴ് മണിയോടെയാണ് ലോഡുകയറ്റിവന്ന വലിയ ലോറി കുടുങ്ങിയത്. എറണാകുളത്തുനിന്ന് വയനാട്ടിലെ കമ്പളക്കാട്ടേക്ക് ടൈലുകള്‍ കയറ്റി വരികയായിരുന്ന ലോറി ആക്സിലേറ്റര്‍ പൊട്ടി റോഡില്‍ കുടുങ്ങുകയായിരുന്നു. ഭാരംകയറ്റിയ ലോറിയെ റോഡില്‍നിന്ന് നീക്കാനായില്ല. തുടര്‍ന്ന് ഇതിലുണ്ടായിരുന്ന ടൈലുകള്‍ മൂന്ന് ലോറികളില്‍ മാറ്റിക്കയറ്റുകയായിരുന്നു. രാത്രിയോടെയാണ് ലോഡ് മാറ്റല്‍ പൂര്‍ത്തിയായത്.

ലോറി കുടുങ്ങിയ ഭാഗത്ത് വാഹനങ്ങളെ അഞ്ച് മിനിറ്റ് വീതം ഒരോ വശത്തേക്കുമായാണ് കടത്തിവിട്ടത്. ഇതാണ് ഗതാഗതം മന്ദഗതിയിലാക്കിയത്. പലപ്പോഴും ഏറെനേരമെടുത്താണ് യാത്രക്കാര്‍ ചുരം കടന്നുപോയത്. അടിവാരം പോലീസ് ഔട്ട് പോസ്റ്റിലെ എസ്.ഐ. രാജുവിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

തിങ്കളാഴ്ച എട്ടാംവളവില്‍ കണ്ടെയ്നര്‍ ലോറി ആക്സിലേറ്റര്‍ പൊട്ടി റോഡില്‍ കുടുങ്ങി ദേശീയപാതയില്‍ മൂന്നുമണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു. ഏറെ ഗതാഗതത്തിരക്കനുഭവപ്പെടുന്ന താമരശ്ശേരി ചുരം വഴി ഭാരമേറിയ ലോഡുമായി കണ്ടെയ്നര്‍ ലോറി കടന്നുവരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

