താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ ലോറികള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി

താമരശ്ശേരി: കൊടുംവളവുകള്‍ തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ ലോറികള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. അടിവാരത്ത് പോലീസ് ആരംഭിച്ച താൽക്കാലിക ചെക്ക് പോസ്റ്റില്‍ ഇരുപതോളം ലോറികളെ തടഞ്ഞുനിര്‍ത്തി. 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികളെ ചുരം കയറാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു. ചില ലോറികള്‍ ഭാരം അളന്ന് വന്ന് രേഖകള്‍ ഹാജരാക്കി, 25 ടണ്ണില്‍ കൂടുതലല്ലെന്ന് ബോധ്യപ്പെടുത്തിയ ശേഷം ചുരം കയറി യാത്ര തുടര്‍ന്നു.
ബുധനാഴ്ച പുലര്‍ച്ചെ നിയന്ത്രണം ലംഘിച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് പതിന്നാല് ലോറികള്‍ ചുരമിറങ്ങിയെത്തി. പന്ത്രണ്ട് ചക്രത്തില്‍ കൂടുതലുള്ള വലിയ ലോറികളാണ് ലക്കിടിയിലെ കവാടം കടന്നെത്തിയത്. ഇതരസംസ്ഥാന ലോറികളുള്‍പ്പെടെ ഇങ്ങനെയെത്തി. ഇവയെ രണ്ടാം വളവില്‍വച്ച് പോലീസ് തടഞ്ഞു. ഓരോ ലോറിയില്‍നിന്നും രണ്ടായിരം രൂപ വരെ പിഴിയീടാക്കിയ ശേഷം ഇവയെ വിട്ടയച്ചതായി താമരശ്ശേരി ട്രാഫിക് എസ്.ഐ.അബ്ദുള്‍മജീദ് പറഞ്ഞു.

ഭാരമേറിയ വാഹനങ്ങളുടെ നിയന്ത്രണവും ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസുമെത്തിയതോടെ ബുധനാഴ്ച ചുരത്തില്‍ കാര്യമായ ഗതാഗതക്കുരുക്കുണ്ടായില്ല. ചൊവ്വാഴ്ച രാത്രി അടിവാരത്തെ താത്കാലിക ചെക്ക് പോസ്റ്റില്‍ നാദാപുരത്തുനിന്ന് ഒരു എസ്.ഐ.യും നാല് പോലീസുകാരും ഡ്യൂട്ടിക്കെത്തി. ബുധനാഴ്ച നാല് പോലീസ് ജീപ്പുകള്‍ ചുരത്തിലുണ്ടായിരുന്നു.

ചുരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച രാവിലെ കളക്ടര്‍ യു.വി.ജോസ് ചുരത്തിലെത്തി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.പി.കൃഷ്ണന്‍കുട്ടിയും ചുരം സന്ദര്‍ശിച്ചു. വളവുകളിലെ കുഴികളില്‍ പാറപ്പൊടിമിശ്രിതമിട്ട് നികത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി ബുധനാഴ്ചയും തുടര്‍ന്നു.

