KOYILANDY DIARY.COM

The Perfect News Portal

തമിഴ് സൂര്യന്‍ കലൈഞ്ജര്‍ കരുണാനിധി അസ്തമിച്ചു

തമിഴ് രാഷ്ട്രീയത്തില്‍ പകരക്കാരില്ലാത്ത പേരാണ് മുത്തുവേല്‍ കരുണാനിധി എന്ന തമിഴരുടെ കലൈഞ്ജര്‍. തമിഴ് രാഷ്ട്രീയത്തിനൊപ്പം രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ ഭേദിച്ച്‌ വളര്‍ന്ന നേതാവ്.

ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് തമിഴ് രാഷ്ട്രീയം. തമിഴകത്തെ രാഷ്ട്രീയത്തിന്റെയും സിനിമയുടെ അഭേധ്യമനായ ഈ ബന്ധത്തിന് അമ്ബതുകളില്‍ കരുണാനിധി എന്ന നേതാവിലൂടെയാണ് തുടക്കം. ഒരു കലാകാരന്റെ മെയ്‌വഴക്കത്തോടെ തമിഴ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്ത കലൈഞ്ചര്‍ക്ക് തമിഴ് എന്ന വികാരം തന്നെയായിരുന്നു കലയിലും രാഷ്ട്രീയത്തലും തുറുപ്പുചീട്ട്.

നാടകം, സിനിമ, കഥകള്‍, കവിതകള്‍ ഇങ്ങനെ എഴുത്തുകളിലൂടെ തമിഴ് വികാരത്തെ ഉയര്‍ത്തിവിട്ടുകൊണ്ടായിരുന്നു കലൈഞ്ജര്‍ എന്ന തമിഴ് സൂര്യന്റെ രാഷ്ട്രീയത്തിലെ ഉദയവും വളര്‍ച്ചയും.

Advertisements

തമിഴ് രാഷ്ട്രീയത്തില്‍ ദ്രാവിഡ മുന്നേറ്റത്തിന് വിത്തുപാകിയ ഡി.എം.കെയുടെ തലപ്പത്ത് കരുണാനിധിയെത്തിയിട്ട് അരനൂട്ടാണ്ട് പിന്നിടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഇത്രയും കാലം തുടര്‍ച്ചയായി ഒരാള്‍ തന്നെ തുടരുന്നത് ലോക രാഷ്ട്രീയത്തില്‍ പോലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. പകരക്കാരനില്ലാത്തവനെന്ന കാവ്യാത്മകതയെ വരച്ചിടുന്നര രാഷ്ട്രീയ യാഥാര്‍ഥ്യമാണിത്.

1924 ജൂണ്‍ മൂന്നിന് തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ് മുത്തുവേല്‍ കരുണാനിധിയുടെ ജനനം. തന്റെ കുടുംബത്തെ കുറിച്ച്‌ കരുണാനിധി തന്നെ പറയുന്നത് ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ്.

പതിനാലാം വയസ്സില്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളാണ് കരുണാനിധിയുടെ മനസ്സില്‍ രാഷ്ട്രീയത്തിന്‍റെ വിത്ത് പാകിയത്.

പിന്നീട് ദ്രവീഡ ആശയങ്ങളെ താലോലിച്ച്‌ തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കെടുത്തു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട് തമിഴ് മാനവര്‍ മന്റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കി.

ഈ സമയത്താണ് ആശയ പ്രചാരണത്തിന് ചലച്ചിത്രത്തെ മാധ്യമമാക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ തമിഴ് സിനിമകള്‍ക്ക് തിരക്കഥ എഴുതാന്‍ തുടങ്ങി.ശക്തമായ തിരക്കഥകളെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. എം ജി രാമചന്ദ്രന്‍ എന്ന നടന്റെ ഉയര്‍ച്ച കൂടിയായപ്പോള്‍ കരുണാനിധിക്ക് തിരക്കേറി.

ജസ്റ്റിസ് പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക് രൂപം നല്‍കിയത് കരുണാനിധിയായിരുന്നു. ഇ വി രാമസ്വാമി നായ്ക്കരെന്ന പെരിയോര്‍ ആണ് ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്കരിച്ചത്.

അന്നത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയില്‍ പ്രതിഷേധിച്ചാണ് പെരിയോര്‍ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡി എം കെ സ്ഥാപിച്ചപ്പോള്‍ ആദ്യം പെരിയോര്‍ക്കൊപ്പം നിന്ന കരുണാനിധി പിന്നീട് ഡി എം കെയിലെ രണ്ടാമനായി.

ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ് മനസ്സുകളിലുള്ള ജനപിന്തുണക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്.

1969ല്‍ അണ്ണാദുരൈ മരിച്ചപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഡി എം കെയുടെ ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ. എം കരുണാനിധി. തുടര്‍ന്ന് 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ കരുണാനിധി തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി.

കുറിക്കുകൊള്ളുന്ന വാക്കുകള്‍കൊണ്ട് തമിഴ് രാഷ്ട്രീയത്തെ കൈയ്യിലെടുത്ത കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും തന്‍റെ ചാണക്യ തന്ത്രങ്ങള്‍ പയറ്റുകയും വിജയം കൊയ്യുകയും ചെയ്തു.

ശാരീരിക അവശതകള്‍ കൊണ്ട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് കാലങ്ങളായി വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും ഉദയസൂര്യന്റെ അതേ തീവ്രതയോടെയാണ് ആ രാഷ്ട്രീയ ചാണക്യന്‍ കാലയവനികയ്ക്ക് പിന്നില്‍ മറയുന്നത്.

വിട്ടുവീഴ്ച്ചകളില്ലാതെ തമിഴ് ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാവാണ് കലൈഞ്ജര്‍. 2013 ല്‍ യുപിഎക്കുള്ള പിന്‍തുണ പിന്‍വലിക്കുന്നതും ഈ ഒറ്റ വികാരത്തിന്റെ പുറത്താണ്.

ശ്രീലങ്കന്‍ തമിഴരോടുള്ള നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ജയലളിതയുടെ തീരുമാനത്തില്‍ രാഷ്ട്രീയമായി ബദ്ധവൈരികളായിരുന്നിട്ടുകൂടി രഹസ്യമായി കലൈഞ്ജര്‍ കൈയ്യടിച്ചതും ഈ വികാരത്തിന്റെ പുറത്ത് തന്നെയാണ്.

ദ്രാവിഡ രാഷ്ട്രീയം കുടുംബ വാഴ്ചയിലേക്ക് ചുരുങ്ങിയപ്പോള്‍ കലൈഞ്ജറുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഭരണം മാത്രമല്ല പ്രതിപക്ഷ സ്ഥാനത്ത് പോലും ഇല്ലാതെ മൂന്നാം സ്ഥാനത്തേക്കൊതുങ്ങിപ്പോയതും തമിഴകം കണ്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *