തനിക്കെതിരെ ചിലര്‍ നീക്കം നടത്തുകയായിരുന്നു ആര്. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം > തന്റെ പ്രസംഗം വിവാദമായതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും താന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. തനിക്ക് ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ളത് നല്ല ബന്ധമാണെന്നും അവരെ വേദനിപ്പിക്കുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു.

സമുദായത്തിന്റെ യോഗത്തിലാണ് താന്‍ പ്രസംഗിച്ചത്. പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളും സമുദായത്തിന്റെ യോഗത്തില്‍ പറയേണ്ടി വരും. ഇത് മനഃപൂര്‍വ്വം പുറത്തുവിട്ട് വിവാദമുണ്ടാക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. വൈര്യനിര്യാതന ബുദ്ധിയോടെ തനിക്കെതിരെ ചിലര്‍ നീക്കം നടത്തുകയായിരുന്നു.

പുറത്തുവന്ന പ്രസംഗത്തിലെ ചില കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്ത് പുറത്തുവിടുകയായിരുന്നു. തന്റെ പ്രസംഗം റെക്കോഡ് ചെയ്തതും എഡിറ്റ് ചെയ്ത് പുറത്തുവിട്ടതും ആരാണെന്ന് തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പുതിയ കരയോഗങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത പറയാന്‍ വേണ്ടി മാത്രമാണ് ക്രിസ്ത്യന്‍ പള്ളികളുടെ ഉദാഹരണം പറഞ്ഞത്. വര്‍ദ്ധിച്ചുവരുന്ന നായ ശല്യത്തെക്കുറിച്ച് പറഞ്ഞതും മുസ്ലിം ദേവാലയത്തെക്കുറിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതും എഡിറ്റ് ചെയ്യുകയായിരുന്നു. ഇതാണ് ബാങ്ക് വിളിയെ അധിക്ഷേപിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. മുസ്ലിം-ക്രൈസ്തവ ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാറുള്ള ആളാണ് താന്‍. ലക്ഷക്കണക്കിന് രൂപ മുടക്കി തനിക്കുവേണ്ടി മറ്റൊരാളെ ഹജ്ജിന് അയയ്ക്കുക പോലും ചെയ്തിട്ടുണ്ട്. മദനിയെ ജയിലില്‍ പോയി കണ്ടതിന് തനിക്കെതിരെ നിരവധി കേസുകളുണ്ടായതായും ബാലകൃഷ്ണപിള്ള പറഞ്ഞു.
