ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

കണ്ണൂര്‍: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സര്‍ക്കാര്‍ ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ആര്‍ദ്രം പദ്ധതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സഹകരിക്കും. അവധിയെടുത്താല്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കും. നാല് ദിവസമായി നടന്നുവന്ന സമരമാണ് കെജിഎംഒഎ പിന്‍വലിച്ചത്.
സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പ് കെകെ ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ സമരം മാന്യതയില്ലായ്മയായി മാറിയത് എന്ന് മന്ത്രി കൃത്യമായി ബോധ്യപ്പെടുത്തി.

കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാരെ ഉറപ്പുവരുത്തും. ഇവര്‍ അവധിയെടുത്താല്‍ പകരം സംവിധാനമൊരുക്കും. രോഗികള്‍ വര്‍ധിക്കുന്ന അവസരത്തില്‍ കുറവുള്ള സ്ഥലത്തുനിന്ന് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. സസ്‌പെന്റ് ചെയ്ത ഡോക്ടര്‍മാര്‍ തൃപ്തികരമായ മറുപടി നല്‍കിയാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കും എന്നിങ്ങനെ നിരവധി തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി.

ചര്‍ച്ചയ്ക്ക് തയാറാണെന്ന് കെജിഎംഒഎ നേരത്തേ തന്നെ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച എന്ന നിലപാടായിരുന്നു സര്‍ക്കാറിന്റേത്. വരുന്ന ഒരാഴ്ച്ചത്തേക്ക് ആരോഗ്യ മന്ത്രി സ്ഥലത്തുണ്ടാകില്ല എന്നതിനാല്‍ ഇരുകൂട്ടരും അടിയന്തിരമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു. സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് നീങ്ങും എന്നിതനേക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച ഡോക്ടര്‍മാര്‍ അധികം പ്രതിരോധിക്കാതെ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.

