KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തു

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ ദേശീയ പ്രസിഡണ്ട് പി. എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പദവി ഒഴിയുന്നത്. നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ് റഹിം. ഇന്ന് ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് എ എ റഹീം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. വിദ്യാര്‍ത്ഥികളുടെ ഏതോരാവശ്യത്തിനും എന്നും മുന്നണി പോരാളിയായി രംഗത്തുണ്ടായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ആദ്യ ഇരയായ രജനി എസ് ആനന്ദിന്റെ മരണത്തിനെതിരായ സമരത്തില്‍ ടി.വി രാജേഷിനൊപ്പം തളരാതെ പോരാടി. ഇതിന്റെ ഭാഗമായി 51 ദിവസം ജയിലില്‍ കിടന്നു. പല സമരങ്ങളിലും ക്രൂരമായ ലാത്തിചാര്‍ജ്ജില്‍ നിരവധി തവണ പരിക്കേറ്റിട്ടുണ്ട്.

2002 മുതല്‍ ഇതുവരെയും വിദ്യാര്‍ത്ഥി – യുവജന -രാഷ്ട്രീയ വിഷയങ്ങളില്‍ സജ്ജീവമായി പോരാടുന്നു. 2011ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പൊലീസ്‌കയറിയതിനെ ചോദ്യം ചെയ്തതിന് അന്നത്തെ ഡിസിപി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ 50തിലധികം പൊലീസുകാര്‍ വളഞ്ഞിട്ട് ക്രൂരമായി തല്ലിചതച്ചു. അതിന്റെ ബാക്കിപത്രമായി ചലനമറ്റ വിരലുകളുമായി ഇന്നും പോരാടുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ റഹിമായിരുന്നു. നിലമേല്‍ എന്‍എസ്‌എസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്‌ളാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ റഹീം, നിയമപഠനവും ജേര്‍ണലിസം ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, നിലവില്‍ ഡി.വൈ.എഫ്.ഐ. കേരള സംസ്ഥാനകമ്മിറ്റിയുടെ സെക്രട്ടറിയാണ്. സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗവും. അബ്ദുല്‍ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കുടുംബത്തില്‍ നിന്നും കടന്നു വന്ന റഹീം സംഘാടന പ്രവര്‍ത്തകനായിരിക്കെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും അഭിഭാഷകയും അധ്യാപികയുമായ അമൃതയാണ് ഭാര്യ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *