ടൈം മാഗസിന്റെ പട്ടികയില്‍ ഇടം പിടിച്ച് മലയാളി പെണ്‍കുട്ടി അമിക ജോര്‍ജ്ജ്

ബ്രിട്ടന്: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും. ബ്രിട്ടീഷ് ഇന്ത്യന്‍ വംശജ അമിക ജോര്‍ജ്ജാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടം പിടിച്ചത്. കേരളത്തില്‍ വേരുകളുള്ള അമിക ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. പത്തനംതിട്ട കുമ്ബളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോര്‍ജ്ജിന്റെയും കൊല്ലം സ്വദേശിനി നിഷയുടെയും മകളാണ്. ആര്‍ത്തവദാരിദ്ര്യം എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചു പറഞ്ഞാണ് അമിക സമൂഹശ്രദ്ധയാകര്ഷിച്ചത്.
രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഫ്രീ പീരിഡ്സ് എന്ന ഹാഷ്ടാഗ് പ്രചാരണ പരിപാടിയാണ് അമികയെ ശ്രദ്ധേയയാക്കിയത്. ആര്‍ത്തവ സമയത്ത് സാനിട്ടറി പാഡ് വാങ്ങാന്‍ പണമില്ലാതെ സ്കൂളില്‍ പോകാന്‍ സാധിക്കാത്ത കുട്ടികളെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ബ്രിട്ടന് പോലെയൊരു വികസിത രാജ്യത്തും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവാണ് അമികയെ ഈ പ്രവര്‍ത്തനങ്ങളിലേക്കെത്തിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 20 ന് ബ്രിട്ടനില്‍ നടന്ന റാലിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് ലഭ്യമാക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റാലിക്ക് ശേഷം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു കോടി യൂറോ വകയിരുത്തി. സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും സമ്മതിച്ചു. ബ്രിട്ടനില്‍ റാലി നടന്നതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ടൈം മാഗസിന്റെ പട്ടികയില്‍ അമിക ഇടം പിടിച്ചത്.

