ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മാറനല്ലൂര്‍ അരുവിക്കര റോഡിലെ മലവിള പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ മരിയാപുരം സ്വദേശി ജോസി(35)നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ആറിന് മാറനല്ലൂര്‍ ഭാമത്തു നിന്നും കോടന്നൂര്‍ കോറിയിലേക്ക് കരിങ്കല്ലെടുക്കാന്‍ പോയ ടിപ്പറാണ് കൈവരി തകര്‍ത്ത് കനാലില്‍ പതിച്ചത്. അമതിവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ച് മറ്റ് ടിപ്പര്‍ ലോറികള്‍ തടഞ്ഞു.

ആയിരക്കണക്കിന് ടിപ്പറുകളും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന പാലം അഞ്ചുവര്‍ഷത്തിലേറയായി അപകട ഭീഷണിയിലാണ്. പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പാലത്തില്‍ വടം കെട്ടി പോലീസ് താല്‍ക്കാലിക സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

