KOYILANDY DIARY.COM

The Perfect News Portal

ജെസ്നയെ കാണാതായിട്ട് 44 ദിവസം: സഹായം അഭ്യർത്ഥിച്ച് സഹോദരനും സഹോദരിയും

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് സഹോദരനും സഹോദരിയും. മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ(20) കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നാണ് സഹോദരൻ ജെയ്സും സഹോദരിയും ഫേസ്ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. രാവിലെ 9.30ന് ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടിൽ നിന്നിറങ്ങിയ ജെസ്നയെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. പോലീസ് അന്വേഷണത്തിൽ ജെസ്ന എരുമേലി വരെ പോയതായി കണ്ടെത്തിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല.

ജെസ്നയെ കാണാതായി ഒന്നര മാസം പിന്നിടുമ്പോഴും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് സഹോദരൻ ജെയ്സും സഹോദരിയും ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കാണാതായ സഹോദരിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശമായി പറയുന്നവരുണ്ടെന്നും, അവർ സത്യാവസ്ഥ മനസിലാക്കണമെന്നും സഹോദരൻ ജെയ്സ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ജെസ്നയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തുമ്പും ലഭിച്ചിട്ടില്ല.

Advertisements

സഹോദരിയെ കാണാതായ സംഭവത്തെക്കുറിച്ച് ജെയ്സ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ:- ” 44 ദിവസമായിട്ടും ജെസ്നയുടെ കാര്യത്തിൽ ഒരു തുമ്പുമില്ല. അന്ന് രാവിലെ പപ്പയും ഞാനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ട് മാസമായി. ഒന്നിച്ചിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചശേഷം പപ്പ ഓഫീസിൽ പോയി. എട്ടര വരെ ഞാനും വീട്ടിലുണ്ടായിരുന്നു. ബികോം റിസൽട്ട് വന്നെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. ഇതുകേട്ട് വലിയ കാര്യമായിപോയി എന്നെല്ലാം തമാശ പറഞ്ഞിരിക്കുമ്പോൾ അവർക്കൊരിക്കലും പ്ലാൻ ചെയ്ത് പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവൾ ഒരിക്കലും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല. ഞാൻ കോളേജിൽ പോയി ഒരു 9.15 ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്ത വീട്ടിലെ ചേച്ചി കണ്ടിരുന്നു. പിന്നീട് ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ഓട്ടോ പിടിച്ച് ഒരു ബസിൽ കയറി എരുമേലിയിൽ ഇറങ്ങി. എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യൻ കണ്ടിരുന്നു. തലേദിവസം അവൾ പപ്പായുടെ സഹോദരിയെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്കിരുന്ന് പഠിക്കാൻ കഴിയുന്നില്ല, താൻ അങ്ങോട്ട് വരികയാണെന്നാണ് അവൾ ആന്റിയോട് പറഞ്ഞിരുന്നത്.

ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് അയൽപക്കത്തെ പിള്ളേരോടും പറഞ്ഞിരുന്നു. എരുമേലിയിൽ നിന്ന് കയറിയ ബസിൽ അവൾ ഒറ്റയ്ക്ക് ഇരുന്ന് പോവുന്നത് സിസിടിവിയിൽ കണ്ടതാണ്. അതു കഴിഞ്ഞ് എന്താണ് സംഭവിച്ചെന്ന് ഒരു ക്ലൂവും ലഭിച്ചില്ല. അവൾ എവിടെയങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജെസ്നയെക്കുറിച്ചും കുടുംബത്തെപ്പറ്റിയും മോശമായി പറയുന്നവരുണ്ട്. അവരെല്ലാം സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം.

അവൾക്ക് എന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസിലാക്കണം. നിങ്ങൾ ഞങ്ങളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കണം. ഒരുപാട് പേരെ വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. പോലീസും സഹകരിക്കുന്നുണ്ട്. പലരും പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. എനിക്ക് പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ എനിക്ക് പറയാനുള്ളൂ.

കാണാതായ ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജെസ്ന മിസ് ആയതിന്റെ പിറ്റേന്ന് തന്നെ അവളുടെ ഫോട്ടോ വാട്സാപ്പിൽ കൊടുക്കാമെന്ന് പപ്പയും സഹോദരിയും പറഞ്ഞതാണ്. എന്നാൽ അതവളുടെ ഭാവിയെ തകർക്കുമെന്ന് കരുതി താനാണ് വേണ്ടെന്ന് പറഞ്ഞത്. ജെസ്നയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

മമ്മി മരിച്ചിട്ട് അധികമായിട്ടില്ല. അവൾ കൂടി പോയി കഴിഞ്ഞാൽ പിന്നെ താങ്ങാൻ സാധിക്കില്ല. സ്വന്തം പെങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ് ഞാൻ. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിന് ശേഷം കൂടെനിൽക്കുന്നതിനെക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്. മമ്മി മരിച്ച വിഷമത്തിൽ നിന്നും മുക്തമായി വരുന്നതേയുള്ളു ഞങ്ങൾ.

മമ്മി മരിച്ച വിഷമത്തിൽ നിന്ന് മുക്തമായി വരുന്നതിനിടെയാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങൾ കൂടിയായി കണ്ട് ഒന്നിച്ച് പ്രവർത്തിക്കാം. അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നെങ്കിൽ എന്നാണ് താനിപ്പോൾ പ്രാർത്ഥിക്കുന്നത്. കാരണം അവൾ സുരക്ഷിതയാണെന്ന് അറിയുമല്ലോ. ദയവ് ചെയ്ത് തളർത്തുന്ന ആരോപണങ്ങൾ ഉണ്ടാക്കരുത്”- കണ്ണീരിറ്റിയ കണ്ണുകളോടെ ജെയ്സ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാൽ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയൽക്കാർ കണ്ടിരുന്നതാണ്. രാവിലെ ഒമ്പത് മണിയോടെ പിതാവ് ജെയിംസും പിന്നീട് സഹോദരി ജെഫിമോളും സഹോദരൻ ജെയ്സും കോളേജിലേക്ക് പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *