ജനസാഗരം സാക്ഷിയായി പന്നിയങ്കര മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് : ഉത്സവാന്തരീക്ഷത്തില്‍ ജനസാഗരം സാക്ഷിയായി പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ പത്തിന് പാലം തുറന്നുകൊടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും തുറന്ന വാഹനത്തില്‍ പാലത്തിലൂടെ നൂറുകണക്കിനാളുകളുടെ ഹൃദയാഭിവാദ്യമേറ്റുവാങ്ങിയാണ് ഉദ്ഘാടന സമ്മേളന വേദിയില്‍ എത്തിയത്. ചടങ്ങ് നടന്ന സുമംഗലി ഓഡിറ്റോറിയത്തിലും മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും അഭിവാദ്യം മുഴങ്ങി.
മേല്‍പ്പാലം നിര്‍മാണത്തിന് വകയിരുത്തിയതിലും 10 കോടി രൂപ കുറവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഡിഎംആര്‍സിയെയും അതിന് നേതൃത്വം നല്‍കിയ ഡോ. ഇ ശ്രീധരനെയും മുഖ്യമന്ത്രി അനുമോദിച്ചു. പയ്യാനക്കല്‍, ചക്കുംകടവ്, മാറാട് നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും സമരത്തിനും ശേഷമാണ് മേല്‍പ്പാലം യാഥാര്‍ഥ്യമായത്. നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം നവംബറില്‍ ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പയ്യാനക്കല്‍ റോഡില്‍ നിന്നാരംഭിച്ച് കല്ലായി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കും പന്നിയങ്കര ഭാഗത്തേക്കും ഇംഗ്ളീഷ് അക്ഷരമാലയിലെ ‘ടി’ ആകൃതിയിലാണ് പാലം. 76.16 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. തിരുവനന്തപുരം-കാസര്‍കോട് ദേശീയപാത നാലുവരി ആക്കുന്നത് ഉള്‍പ്പെടെ 70,000 കോടി രുപയുടെ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരുടെയും കുത്തകയല്ല. മാറിവന്ന എല്ലാ സര്‍ക്കാരുകള്‍ക്കും അതില്‍ പങ്കുണ്ട്. ഞങ്ങള്‍ ആരുടെയും അവകാശത്തെ ഇടിച്ചുതാഴ്ത്തിയിട്ടില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവരുടെ ആത്മനിഷ്ഠമായ ചിന്തകൊണ്ടാണ്. വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍ മതി. നഗരത്തില്‍ റോഡ് വികസനത്തിന് ആയിരം കോടി രൂപ ചെലവിടുമെന്നും മന്ത്രി പറഞ്ഞു.
വികസന പദ്ധതികള്‍ക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്താല്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും വേഗത്തിലാകുമെന്ന് പദ്ധതി അവലോകനം നടത്തിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ പറഞ്ഞു. മന്ത്രിമാരായ ടി. പി. രാമകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. അനിത എന്നിവര്‍ സംസാരിച്ചു. ഡി.എം.ആര്‍.സി ജനറല്‍ മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ പി. കെ. സതീശന്‍ നന്ദിയും പറഞ്ഞു.

